മസാല ബോണ്ട്: ഇ.ഡി നോട്ടീസ് പ്രഹസനം ആർക്കു വേണ്ടിയായിരുന്നു ആ ദുരൂഹ ഇടപാട്?​

Wednesday 03 December 2025 11:44 AM IST

കിഫ്ബി മസാല ബോണ്ട് വില്പനയുമായി ബന്ധപ്പെട്ട് ഫെമ നിയമങ്ങൾ ലംഘിച്ചുവെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. കേരളത്തിൽ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ സി.പി.എം- ബി.ജെ.പി അന്തർധാര മറച്ചുവയ്ക്കുന്നതിന് ഇത്തരം പൊറാട്ടു നാടകങ്ങൾ സ്ഥിരമായതുകൊണ്ട് ഈ നോട്ടീസിനെ കാര്യമായി എടുക്കേണ്ടതില്ല. കാരണം,​ ബി.ജെ.പിയും സിപിഎമ്മും എതിരാളികളാണ് എന്നു വരുത്തിത്തീർത്ത് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശ്യം. മാത്രമല്ല, ശബരിമല സ്വർണക്കൊള്ള,​ സർക്കാർ വിരുദ്ധ വികാരം എന്നിവയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ കൂടിയാണ് ബി.ജെ.പി - സി.പി.എം അച്ചുതണ്ടിന്റെ ഈ നീക്കം.

പക്ഷേ കേരളം കണ്ട ഏറ്റവും ദുരൂഹമായ സാമ്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതിനെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ഈ ഇ.ഡി നോട്ടീസ് അവസരമായിരിക്കുകയാണ്. സർക്കാർ പരമരഹസ്യമായി നടത്താൻ ശ്രമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടുവന്നത് പ്രതിപക്ഷ നേതാവായിരിക്കെ ഞാനാണ്. പക്ഷേ ഈ വിഷയത്തിൽ സർക്കാരിനെ യു-ടേൺ അടിപ്പിക്കാൻ കഴിഞ്ഞില്ല. അതിന്റെ ഫലം സംസ്ഥാനത്തിന് 1045 കോടി രൂപ കൊള്ളപലിശ ഇനത്തിൽ നഷ്ടപ്പെടുകയായിരുന്നു.

2150 കോടിയുടെ മസാല ബോണ്ട്,​ ലാവ്‌ലിൻ കമ്പനിയുടെ ഉടമസ്ഥരിൽ ഒരാളായ സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനി വാങ്ങിയത് 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ്. 2150 കോടിയുടെ ബോണ്ടിന് അഞ്ചു വർഷം കൊണ്ട് 1045 കോടി രൂപ പലിശ നല്‍കേണ്ടതുണ്ടായിരുന്നു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ നല്‍കേണ്ടിവന്നത് ആകെ 3195 കോടി രൂപ! ബോണ്ട് വില്പനയുമായി ബന്ധപ്പെട്ട് ബാങ്ക് ഫീസ് അടക്കമുള്ള മറ്റു ചെലവുകൾക്ക് 2.29 കോടി രൂപയും,​ ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവും ഇതിനു പുറമെ! ഇത്രയും കൂടിയ പലിശയ്ക്ക് വിറ്റ മസാല ബോണ്ടിൽ നിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളിൽ ഇട്ടിരുന്നതെന്നും പിന്നീട് വെളിപ്പെട്ടു. എന്തിനു വേണ്ടിയായിരുന്നു അത്?​

മസാല ബോണ്ട്

എന്ത്?

ഇന്ത്യൻ രൂപയിൽ കടപ്പത്രങ്ങൾ ഇറക്കി രാജ്യാന്തര നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകൾ എന്നു പറയുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മസാല ബോണ്ടുകൾ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. 2015-ൽ ഇന്ത്യൻ റെയിൽവേയിൽ പൂർണ വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനൊപ്പമാണ് മസാല ബോണ്ടുകൾ ഇറക്കുമെന്നും മോദി വ്യക്തമാക്കിയത്.

2015 മുതൽ പതിനാറോളം ഇന്ത്യൻ കമ്പനികൾ 93,000 കോടി രൂപയുടെ മസാല ബോണ്ടുകൾ ഇറക്കി. എച്ച്.ഡി.എഫ്.സി ബാങ്ക്, നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങളാണ് മസാല ബോണ്ടുകളിലൂടെ പണം ശേഖരിച്ചത്. എന്നാൽ,​ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും മസാല ബോണ്ടിനു പിന്നാലെ പോയില്ല. ആദ്യം അതിനു തയ്യാറായ സംസ്ഥാനം കേരളമായിരുന്നു!

കടത്തിലാക്കിയ

കൊള്ളപ്പലിശ

മസാല ബോണ്ട് ഇറക്കിയ സ്ഥാപനങ്ങൾ തങ്ങളുടെ കടപ്പത്രങ്ങൾക്കു നല്കുന്ന പലിശയും കിഫ്ബി നല്കുന്ന പലിശയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകർക്ക് നല്‍കിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ 7.3 ശതമാനം പലിശ നിരക്കിലാണ് 3000 കോടിയുടെ ബോണ്ട് ഇറക്കിയത്. ഐ.ആർ.ഇ.ഡി.എ 7.12 ശതമാനം പലിശയ്ക്ക് ബോണ്ടുകൾ വിറ്റു. എന്നാൽ ദുരൂഹമെന്നു പറയട്ടെ, കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിൽ നിക്ഷേപകരായ സി.ഡി.പി.ക്യുവിന് സർക്കാർ നല്കേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്! അഞ്ചു വർഷംകൊണ്ട് മുതലും പലിശയുമായി തിരിച്ചടച്ചത് 3195 കോടി രൂപ!

അന്താരാഷ്ട്ര ഫിനാൻസ് കോർപ്പറേഷൻ പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിയത്. ലോകബാങ്ക് പലിശയാകട്ടെ, ഇപ്പോൾ 2.5 ശതമാനമേയുള്ളൂ. ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കമ്പനികൾ 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശയ്ക്ക് മസാല ബോണ്ടുകൾ ഇറക്കിയപ്പോൾ കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നല്കി മസാല ബോണ്ടുകൾ ഇറക്കിയത് എന്തിന്?​ അതും,​ ഇത്തരത്തിൽ വിദേശത്തുനിന്ന് പണം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന 293(1) അനുച്ഛേദം പോലും ലംഘിച്ചുകൊണ്ട്! അത്തരമൊരു അടിയന്തര സാഹചര്യം കേരളത്തിലെ പശ്ചാത്തല വികസന മേഖലയിൽ ഉണ്ടായിരുന്നോ?

ഇടപാടുകൾക്കു

പിന്നിൽ എന്ത്?​

മസാല ബോണ്ടുകൾ വാങ്ങുന്നത് ലാവ്‌ലിൻ ബന്ധമുള്ള കമ്പനിയാണെന്ന വസ്തുത ഞാൻ പുറത്തു കൊണ്ടുവന്നപ്പോൾ എസ്.എൻ.സി. ലാവ്‌ലിനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് അന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. എസ്.എൻ.സി. ലാവ്‌ലിന്റെ 20 ശതമാനം ഓഹരികൾ കൈവശമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. ബോണ്ടുകൾ ലിസ്റ്റ് ചെയ്തതാണെന്നും ലോകത്ത് ആർക്കും അതു വാങ്ങാമെന്നും, സി.ഡി.പി.ക്യു വന്ന് വാങ്ങിയതിൽ ഞങ്ങൾക്ക് എന്തു ചെയ്യാനാവും എന്നുമായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്! മാത്രമല്ല, പബ്ലിക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതായത്, മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യുവിന് കൊടുത്തതെന്നും, അതിനാൽ അതിൽ കമ്മീഷനോ അഴിമതിയോ ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സർക്കാരും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, പബ്ലിക് ഇഷ്യൂ ആയല്ല, പ്രൈവറ്റ് ഇഷ്യൂ ആയാണ് മസാല ബോണ്ട് ആദ്യം പ്ളേസ് ചെയ്തത് എന്നതിന്റെ തെളിവുകൾ ഞാൻ പുറത്തുവിട്ടതോടെ സർക്കാരിന്റെ അവകാശവാദം പൊളിഞ്ഞു. സത്യത്തിൽ,​ ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ചിൽ മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പ്,​ 2019 മാർച്ച് 29-നും മുമ്പുതന്നെ അവ വിറ്റഴിക്കുകയും,​ അതിന്റെ പണം കിഫ്ബിക്ക് ലഭിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്! ഇതിനെല്ലലാം ശേഷം ലണ്ടൻ സ്റ്റോക് എക്‌സ്ചേഞ്ചിൽ മസാല ബോണ്ടുകൾ കേരളം ലിസ്റ്റ് ചെയ്തത് 2019 ഏപ്രിൽ ഒന്നിനാണ്- അതായത്, ഒരു മാസത്തിനു ശേഷം! മുഖ്യമന്ത്രി സ്റ്റോക് എക്‌സ്ചേഞ്ചിൽ ചെന്ന് ആഘാഷപൂർവം മണി മുഴക്കുന്നത് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞ് മെയ് 17നും. എന്തിനായിരുന്നു ഈ നാടകം?​

(കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ് ലേഖകൻ)​