ജി.എസ്.ടി ഇളവും വാഹന വില്പനയും

Wednesday 03 December 2025 11:56 AM IST

കേന്ദ്രം പ്രഖ്യാപിച്ച ജി.എസ്.ടി ഇളവ് ഏറ്റവും കൂടുതൽ പ്രതിഫലിച്ചിരിക്കുന്നത് വാഹന വില്പന രംഗത്താണ്. രാജ്യത്തെ വാഹന വില്പനയിൽ വൻ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് വാഹനങ്ങളുടെ ജി.എസ്.ടി 28-ൽ നിന്ന് 18 ശതമാനമായി കുറച്ചത്. സംസ്ഥാനത്ത് ഇ - വാഹനങ്ങളുടെ വില്പനനയാണ് ഇതുകാരണം റെക്കാഡിട്ടത്. ഒക്ടോബറിൽത്തന്നെ 12,104 കാറുകൾ വിറ്റുപോയി. 2024-ൽ ഇത് 6431 എണ്ണമായിരുന്നു. അതായത് 88.21 ശതമാനത്തിന്റെ വർദ്ധന! കാറുകളുടെ വിലയിൽ ഒന്നര ലക്ഷം മുതൽ 50,000 രൂപയുടെ വരെ കുറവ് വന്നപ്പോൾ വാഹനം വാങ്ങുന്നവരുടെ എണ്ണം കൂടിയതാണ് വില്പന ഉയരാൻ ഇടയാക്കിയത്. ഉടൻ വാങ്ങിയില്ലെങ്കിൽ കാറുകളുടെ വില കമ്പനികൾ ഉയർത്തുമെന്ന അഭ്യൂഹം പരന്നതും വില്പന ഉയരാൻ ഇടയാക്കിയ മറ്റൊരു കാരണമാണ്.

ജി.എസ്.ടി കുറയ്ക്കുന്നതുകൊണ്ട് ഉത്‌പാദന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന വിമർശനങ്ങൾ തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതു കൂടിയായാണ് വാഹന രംഗത്തെ ഈ മികച്ച പ്രതികരണം.

വില കുറഞ്ഞത് അവസരമായി കണ്ടത് സമൂഹത്തിലെ മദ്ധ്യവർഗത്തിലുള്ളവരാണ്. ആഡംബര വാഹനങ്ങളല്ല, മറിച്ച് ചെറു കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് കൂടുതൽ വിറ്റഴിഞ്ഞത്. കാറുകൾ വാങ്ങാൻ അധികം ബുദ്ധിമുട്ടില്ലാതെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്‌പകൾ ലഭ്യമാക്കിയത് വാഹനം വാങ്ങാൻ മുന്നോട്ടുവരുന്നവരുടെ എണ്ണം കൂട്ടാനും ഇടയാക്കി. കേരളത്തിൽ 25 ശതമാനം കുടുംബങ്ങളിലും സ്വന്തം

വാഹനങ്ങൾ ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. മുമ്പ് ഒരു വീട്ടിൽ ഒരു വാഹനമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇന്നാകട്ടെ മിഡിൽ ക്ളാസുകാരുടെ വീട്ടിൽപ്പോലും രണ്ടു കാറെങ്കിലും ഉണ്ടാകുമെന്നതാണ് സ്ഥിതി.

വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് റോഡിന്റെയും പാർക്കിംഗ് സൗകര്യങ്ങളുടെയും സ്ഥിതി മെച്ചപ്പെടുന്നില്ല എന്നത് കേരളം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകാത്തത് വിഷയം കൂടുതൽ വഷളാക്കുന്നു. മാരുതി സുസുക്കി വിലയിൽ പരമാവധി 24 ശതമാനം വരെയും ടാറ്റാ മോട്ടോഴ്സ് വിവിധ മോഡലുകൾക്ക് 1.5 ലക്ഷം രൂപ വരെയും മഹീന്ദ്ര 1.56 ലക്ഷം രൂപ വരെയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ എസ്.യു.വികൾക്ക് 20 ശതമാനം വരെയായിരുന്ന സെസ് ഒഴിവാക്കിയതും വിലക്കുറവിന് പ്രധാന കാരണമായി. പ്രീമിയം എസ്.യു.വികൾക്ക് ഇപ്പോൾ 40 ശതമാനം ജി.എസ്.ടി മാത്രമാണ് ഉള്ളത്. മുൻപ് ഇത് 48 ശതമാനമായിരുന്നു.

കയറ്റുമതി കൂടി ചേർക്കുമ്പോൾ മാരുതി സുസുക്കി ഇന്ത്യയുടെ ആകെ വില്പന നവംബറിൽ 2.29 ലക്ഷം യൂണിറ്റുകളായി. കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർദ്ധന. എസ്‌പ്രസോ,ആൾട്ടോ, സെലിറിയോ, വാഗൺആർ തുടങ്ങിയ ചെറുകാറുകളുടെ വില്പന 37 ശതമാനമാണ് ഉയർന്നത്. നവംബറിലെ കണക്കുകൾ വച്ച് ടാറ്റാ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും 22 ശതമാനം വീതവും കിയാ മോട്ടോഴ്സ് 24 ശതമാനവും റെനോ ഇന്ത്യ 30 ശതമാനവും അധിക വില്പന നടത്തി.

ജി.എസ്.ടി കുറച്ചിട്ടും ചില ചെറുകിട ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ ഒരു വിഭാഗം കച്ചവടക്കാർ തയാറായിട്ടില്ല. ഇത് പരിഹരിക്കാനുള്ള നടപടികളും ജി.എസ്.ടി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.