"കുട്ടിയുടെ സ്വർണ പാദസരം മോഷ്‌ടിച്ചത് ഞാനാണെന്ന് അവർ കരുതി; ഭക്ഷണം മോഷ്ടിക്കുമായിരുന്നു, പക്ഷേ"

Wednesday 03 December 2025 12:22 PM IST

കമ്മട്ടിപാടം പോലുള്ള നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മണികണ്ഠൻ ആചാരി. തന്റെ സ്കൂൾകാല ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മണികണ്ഠൻ.

'നാല് വരെ ഗേൾസ് സ്‌കൂളിൽ ആൺകുട്ടികളെ പഠിപ്പിക്കും. അങ്ങനെ അവിടെ ചേർന്നു. ഞാൻ ഭയങ്കര എനർജിയുള്ളൊരു പയ്യനായിരുന്നു. രാത്രി ഉറങ്ങാൻ പറ്റില്ല. അത്രയും എനർജിയായിരുന്നു. പുറത്തിറങ്ങിയാൽ എല്ലാവരുമായി പെട്ടെന്ന് കമ്പനിയാകും. സ്‌കൂളിൽ രണ്ട് ഡ്രസുമായിട്ടാണ്‌ പോകുന്നത്. യൂണിഫോമും കളിക്കാൻ വേറെ വസ്ത്രവും. ചെറുപ്പം മുതലേ അങ്ങനെയായിരുന്നു.

സ്‌കൂളിലെ ഒരു കുട്ടിയുടെ സ്വർണ പാദസരം കാണാതെപോയി. ഞാനാണ് അതെടുത്തത് എന്ന തീരുമാനത്തിലേക്ക് അവരെത്തി. മാഷിന്റെ പേര് ഞാൻ പറയുന്നില്ല. വെറുതെ പുള്ളിയെ വേദനിപ്പിക്കണ്ടല്ലോ. മാഷ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും. മാഷെന്നെ കൈയിൽ പിച്ചി. സ്‌കൂളിൽ നിന്നും പുറത്താക്കണം എന്ന രീതിയിലായി.

ഞാൻ ഒന്നും പഠിക്കില്ലായിരുന്നു. കടലാസ് ചുരുട്ടി അങ്ങോട്ട് എറിയും. ഉച്ചയ്ക്ക് മുന്നേയുള്ള ഇന്റർവെല്ലിൽ പിള്ളേരുടെ ടിഫിൻ ബോക്സ് തുറന്ന് ഓംലറ്റും തൈരുമൊക്കെ കഴിക്കും. ഭക്ഷണം മോഷ്ടിക്കുമായിരുന്നു. പക്ഷേ വെറൊന്നും എനിക്ക് ആവശ്യമില്ല. ഒരുപാട് കഴിക്കണമെന്നായിരുന്നു. രുചിക്ക് വേണ്ടി നാവ് സമരം ചെയ്തപ്പോൾ കിട്ടാവുന്നതൊക്കെ അടിച്ചുമാറ്റി തിന്നു. അങ്ങനെ അമ്മയെ വിളിപ്പിച്ചു. ഇനി അവിടെ പഠിപ്പിക്കേണ്ടെന്ന് അമ്മയായിത്തന്നെ തീരുമാനമെടുത്തു. അതിന് മുൻപ് ആ കുട്ടിക്ക് പാദസരം തിരിച്ച് കിട്ടി. എന്താണ് സംഭവിച്ചതെന്ന് മനസിലായി. പക്ഷേ അവിടെ പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു."- മണികണ്ഠൻ പറഞ്ഞു.