നാടൻ കോഴിയിൽ പുതിയ പരീക്ഷണം; ട്രെൻഡായി 'നാട്ടി ചിക്കൻ'
പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ച് മടുത്ത് പുതിയത് എന്തെങ്കിലും പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണോ?ചൂട് ചോറിനൊപ്പം കർണാടകയിലെ പരമ്പരാഗത വിഭവമായ നാട്ടി ചിക്കൻ കൂടി ആയാലോ? നല്ല മസാല ചേർത്ത് വഴറ്റിയെടുത്ത ചിക്കനിൽ കടുംകും ഉള്ളിയും താളിച്ചെടുക്കുന്ന നാട്ടി ചിക്കനുണ്ടെങ്കിൽ വിശപ്പ് ഇരട്ടിയാകും എന്ന കാര്യത്തിൽ സംശയം വേണ്ട. നാട്ടി ചിക്കൻ എന്നാൽ നാടൻ കോഴിയെന്ന് തന്നെയാണ് അർത്ഥം. ബ്രോയിലർ കോഴിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന്റെ രുചി അധികമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മസാലകൾ ചേർത്ത സുഗന്ധമുള്ള ഗ്രേവിയിൽ നാടൻ ചിക്കൻ കഷ്ണങ്ങൾ തിളപ്പിച്ചാണ് ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്നത്.
നാട്ടി ചിക്കൻ തയ്യാറാക്കുന്ന വിധം
- മഞ്ഞൾ, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നാടൻ ചിക്കൻ പ്രഷർ കുക്കറിൽ വേവിച്ചെടുക്കണം.
- മല്ലിയില, ജീരകം, കുരുമുളക്, ഉണങ്ങിയ ചുവന്ന മുളക്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, തക്കാളി, വറുത്തെടുത്ത തേങ്ങ എന്നിവ അരച്ചെടുത്ത് ഒരു മസാലക്കൂട്ട് തയ്യാറാക്കണം
- തയ്യാറാക്കിയ മസാലക്കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് തിളപ്പിക്കണം. മസാലക്കൂട്ട് ചിക്കനിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടുന്നതുവരെയും തിളപ്പിക്കണം.
- വിളമ്പുന്നതിനു മുമ്പ് കടുക്, കറിവേപ്പില, ഉള്ളി എന്നിവ വറുത്ത് ഇതിലേക്ക് താളിക്കണം.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒന്നിച്ച് പങ്കെടുത്ത പ്രഭാതഭക്ഷണ സൽക്കാരത്തിലൂടെയാണ് നാട്ടി ചിക്കൻ കൂടുതൽ പ്രശസ്‌തി നേടിയത്. ഇനി ഈ അടിപൊളി വിഭവം നമുക്കും ഒന്ന് പരീക്ഷിച്ച് നോക്കാം. ചോറിനൊപ്പം മാത്രമല്ല ഇഡ്ഡലി, ദോശ തുടങ്ങിയവയ്ക്കൊപ്പവും ഈ വിഭവം കഴിക്കാം.