'സ്വന്തം പ്രതിഫലം കേട്ട് അതിശയിച്ചുപോയി, വലിയ പൊട്ട് അണിയുന്നതിനുപിന്നിൽ';വെളിപ്പെടുത്തി സീരിയൽ നടി

Wednesday 03 December 2025 2:41 PM IST

ടെലിവിഷൻ സീരിയൽ രംഗത്ത് മലയാളികൾക്ക് സുപരിചിതയായ നടിയാണ് കാർത്തിക കണ്ണൻ. സ്വഭാവ വേഷങ്ങളും വില്ലത്തി വേഷങ്ങളുമാണ് കാർത്തിക കൂടുതലും ചെയ്യുന്നത്. ഇപ്പോഴിതാ താരം സീരിയൽ രംഗത്തുവന്ന മാറ്റങ്ങളും തന്റെ വേഷവിധാനത്തിലുള്ള പ്രത്യേകതകളും തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കാർത്തിക ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'സീരിയലിലും അല്ലാതെയുള്ളപ്പോഴും വലിയ പൊട്ടാണ് അണിയുന്നത്. അത് ഒരു ട്രേഡ് മാർക്കാണ്. ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. യൂട്യൂബിൽ സീരിയൽ നടിമാരുടെ പ്രതിഫലം, വയസ് എന്നിവയെക്കുറിച്ചുള്ള വീഡിയോകൾ കാണാറുണ്ട്. ഒരുദിവസം ഞാൻ എന്റെ പ്രതിഫലം കേട്ട് അതിശയിച്ചുപോയി. നമ്മുടെ അക്കൗണ്ടിലേക്ക് എത്ര രൂപയാണ് വരുന്നതെന്ന് അവർ എങ്ങനെ അറിയാനാണ്. യൂട്യൂബുകാർ നുണയാണ് പറയുന്നത്. നായികയായിട്ടാണ് അഭിനയം ആരംഭിച്ചത്. എന്നാൽ പിന്നീട് എനിക്ക് കൂടുതലും ലഭിച്ചത് വില്ലത്തിയുടെയും കുശുമ്പത്തിയുടെയും വേഷങ്ങളാണ്. അത്തരം വേഷങ്ങളിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. ഒരു ദിവസം അമ്പലത്തിലെത്തിയപ്പോൾ ഒരു അമ്മ വന്ന് നന്നായി വഴക്ക് പറഞ്ഞു. ഞാൻ ഗുണം പിടിക്കില്ലെന്ന് പറഞ്ഞു.

പണ്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് ലൊക്കേഷനുകളിലേക്ക് വന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് നമ്മുക്ക് ട്രെയിനും ഫ്‌ളൈറ്റും ഒന്നുമില്ല. ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യാനുള്ള പൈസയാണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് തരുന്നത്. ഇന്ന് പുതിയ ആളുകൾ വരെ ബെൻസിൽ വന്നിറങ്ങുന്ന കാലമാണ്. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്. അതിന്റെ ഗുണം നമുക്കുണ്ട്. അന്ന് നായിക ആയിരുന്നിട്ട് പോലും സെറ്റിൽ ഇരിക്കാൻ കസേര കിട്ടിയിട്ടില്ല. മുതിർന്ന താരങ്ങൾ വരുമ്പോൾ നമ്മൾ എഴുന്നേറ്റ് കൊടുക്കും. പക്ഷെ ഇന്നത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. അവർ അവിടെ തന്നെ അങ്ങനെ ഇരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങൾ സീരിയൽ മേഖലകളിൽ മാറിയിട്ടുണ്ട്'- കാർത്തിക പറഞ്ഞു.