'പിഎം ശ്രീയിൽ കേന്ദ്രത്തിനും കേരളത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപി'; വെളിപ്പെടുത്തി കേന്ദ്രമന്ത്രി
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര - കേരള സർക്കാരുകൾക്കിടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിഷയത്തിൽ ജോൺ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ.
പൂർണ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്നെക്കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നാൽ, പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിന്റെ തുടക്കത്തിലാണ് ഘടകക്ഷികൾ പോലുമറിയാതെ പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിച്ചത്. പിന്നീട് സിപിഐ ഉൾപ്പെടെ ശക്തമായ എതിർപ്പ് അറിയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്‌തിരുന്നു.