ജീവൻ പോലും നഷ്‌ടപ്പെടുത്തുന്ന ആഘോഷം; ദേഹമാസകലം ചോരയിൽ കുളിച്ചാലും തമ്മിൽ തല്ലുന്ന ഭക്തർ

Wednesday 03 December 2025 3:25 PM IST

വൈവിദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഉത്സവങ്ങൾ രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ്. അവ വിശ്വാസങ്ങളുടേത് മാത്രമല്ല, ആഘോഷങ്ങളുടേത് കൂടിയാണ്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള പല ആചാരാനുഷ്‌ടാനങ്ങളും നമ്മെ രസിപ്പിക്കാറുണ്ട്. എന്നാൽ അമ്പരപ്പിക്കുന്ന ചുരുക്കം ചില ഉത്സവങ്ങളുമുണ്ട്. ആന്ധ്രാപ്രദേശിലെ കുർണൂർ ജില്ലയിലെ ദേവരഗട്ടു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന 'ബാനി' എന്ന ആചാരം അത്തരത്തിൽ അമ്പരിപ്പിക്കുന്നതാണ്.

ആഘോഷങ്ങളുടെ ഭാഗമായി ലാത്തി (മുള വടി) ഉപയോഗിച്ച് ആളുകൾ തമ്മിൽ അടിക്കുന്നതിനെയാണ് 'ബാനി' എന്ന പേരിൽ അറിയപ്പെടുന്നത്. കാഴ്‌ചക്കാർക്ക് ഇതൊരു ആക്രമണമായി തോന്നുമെങ്കിലും ഇതിലൂടെ ദൈവത്തോടുള്ള സ്നേഹത്തെയും സമർപ്പണത്തെയുമാണ് അർത്ഥമാക്കുന്നത്. പങ്കെടുക്കുന്നവരുടെ ജീവൻ പോലും നഷ്‌ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്. അർദ്ധരാത്രിയിൽ മല്ലേശ്വര സ്വാമിയുടെയും (ശിവൻ) മാലമ്മയുടെയും (പാർവതി ദേവി) വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതിന് ശേഷം വിജയയാത്രയായാണ് ആഘോഷം തുടങ്ങുന്നത്. കർഷകരായ പുരുഷന്മാരാണ് പ്രധാനമായും ആഘോഷത്തിൽ പങ്കെടുക്കുന്നത്. അടികൊണ്ട് ദേഹമാസകലം രക്തം പുരണ്ടാലും അവർ ആഘോഷത്തിൽ നിന്ന് പിന്മാറില്ല. മാല-മല്ലേശ്വരൻ ഒരു രാക്ഷസനെ കൊന്നതിന്റെ സ്മരണയ്ക്കായി പുലർച്ചെ വരെ ഈ ആഘോഷം തുടരും.

മുൻകാലങ്ങളിൽ കുന്തം ഉപയാഗിച്ചാണ് ആളുകൾ പരസ്‌പരം ആക്രമിച്ചിരുന്നത്. പിന്നീടാണ് അത് മുളവടിയിലേക്ക് മാറിയത്. പൊതുവെ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ഏതെങ്കിലും പൂർണ പൗർണമി ദിവസങ്ങളിലായിരിക്കും ആഘോഷം നടക്കുന്നത്.