അമ്മയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ, സ്വത്ത് തർക്കമെന്ന് സൂചന

Wednesday 03 December 2025 3:29 PM IST

കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു. 75കാരിയായ അനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത്‌ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനു തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടത്തിൽ അനിതയുടെ ശരീരത്തിൽ മുറിവുകളുള്ളതായി കണ്ടെത്തുകയായിരുന്നു. അനിതയും ബിനുവും വാടകവീട്ടിലായിരുന്നു താമസം. സംശയം തോന്നിയ പൊലീസ് ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടുമാണ് അമ്മയെ അടിച്ചുകൊന്നതെന്ന് ഇയാൾ മൊഴി നൽകി. അനിതയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് പറയുന്നു. ഇടുക്കിയിലെ സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.