തൃക്കാർത്തിക ദിവസം പുഴുക്ക് കഴിക്കണം, വിളക്ക് കൊളുത്തുമ്പോൾ എണ്ണം ശ്രദ്ധിക്കണം; ഐതിഹ്യമറിയാം

Wednesday 03 December 2025 3:39 PM IST

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തിലാണ് നാം മൺചെരാതുകൾ തെളിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാലക്ഷ്‌മി ദേവിയുടെ ജന്മദിനമാണ് ഈ ദിവസം. അതിനാൽ,​ സന്ധ്യാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിയിക്കാറുണ്ട്. ഈ ദിവസം പാലാഴിയിൽ നിന്ന് സ്വയംവര മാല്യവുമായി ഉയർന്നുവന്ന ദേവി മഹാവിഷ്‌ണുവിനെ വരനായി സ്വീകരിച്ചു എന്നും ഐതിഹ്യമുണ്ട്. ഈ ദിവസം ദേവിയെ പ്രാർത്ഥിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വളരെ നല്ലതാണ്.

വീട്ടിൽ 108 മൺചെരാതുകൾ തെളിക്കുന്നതാണ് ഉത്തമം. ദുരിതവും തടസങ്ങളും മാറുന്നതിന്- 36,​ രോഗശാന്തിക്ക് - 41,​ ഇഷ്‌ടകാര്യ വിജയത്തിന് - 36,​ ശത്രുദോഷത്തിന് - 84,​ ധനാഭിവൃദ്ധിക്ക് - 51,​ വിദ്യാവിജയത്തിന് - 48,​ പ്രണയ സാഫല്യത്തിന് - 64 എന്നിങ്ങനെ ദീപങ്ങൾ തെളിയിക്കുന്നത് ഉത്തമമാണ്.

ഇക്കൊല്ലം ഡിസംബർ നാല് വ്യാഴാഴ്‌ചയാണ് കാർത്തിക. വീട്ടിലെ എല്ലാ ദോഷങ്ങളും ഈ ദിവസം വിളക്ക് കൊളുത്തുന്നതിലൂടെ മാറുമെന്നാണ് വിശ്വാസം. തൃക്കാർത്തിക ദിനം ദേവിയുടെ സാന്നിദ്ധ്യം ഭൂമിയിൽ ഉണ്ടായിരിക്കുമെന്നും കരുതുന്നു. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയ്‌ക്ക് പെട്ടെന്ന് ഫലമുണ്ടാകുമെന്നും വിശ്വാസമുണ്ട്.

ഈ ദിവസം വിശ്വാസികളെല്ലാം വ്രതമെടുക്കാറുണ്ട്. അതിനാൽ ലഘുവായ ഭക്ഷണങ്ങളാണ് ഇവർ കഴിക്കാറുള്ളത്. പുഴുക്ക്, അട, കരിക്ക് എന്നിവ തൃക്കാർത്തിക ദിനത്തിൽ വിളക്ക് കൊളുത്തിയ ശേഷം കഴിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്.