ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും; സവാളയിൽ പൂപ്പൽ വരാതിരിക്കാൻ സിമ്പിളായൊരു കാര്യം ചെയ്താൽ മതി
മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത സാധനമാണ് സവാള. മുട്ട റോസ്റ്റ് മുതൽ ചിക്കൻ കറിവരെ ഇതുപയോഗിച്ചാണ് നമ്മൾ ഉണ്ടാക്കാറ്. അരിയുമ്പോൾ കണ്ണിൻ നിന്ന് വെള്ളം വരുമെങ്കിലും അതൊക്കെ കണ്ടില്ലെന്ന് നടിച്ച് സവാള ഉപയോഗിക്കുന്നവരാണ് നമ്മൾ.
ആഴ്ചകളോളം കേടുകൂടാതിരിക്കുമെന്നതാണ് സവാളയുടെ മറ്റൊരു ഗുണം. എന്നാൽ സവാളയിൽ കറുത്ത പൊടി പോലുള്ള വസ്തു വന്നിരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ആസ്പർജിലസ് നൈഗർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനെ നിസാരമായി കാണരുത്.
ഈ പൂപ്പൽ വയറ്റിലെത്തിയാൽ ഛർദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സാധാരണയായി പുറംതൊലിയിലാണ് ഇത്തരം പൂപ്പലുകൾ കണ്ടുവരുന്നത്. അത് ഉള്ളിലോട്ട് വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ സവാള കളയുന്നതായിരിക്കും നല്ലത്. മാത്രമല്ല തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പൂപ്പൽ വരാതെയിരിക്കും. കടയിൽ പോകുമ്പോൾ നല്ല സവാള നോക്കി വാങ്ങണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപാട് നാളത്തേക്ക് ഉള്ളത് ഒന്നിച്ച് വാങ്ങുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഇത് ഒഴിവാക്കുക. പകരം രണ്ടോ മൂന്നോ ദിവസത്തേക്കുള്ളത് വാങ്ങുന്നതായിരിക്കും നല്ലത്. വായു സഞ്ചാരമുള്ള സ്ഥലത്തുവേണം സൂക്ഷിക്കാൻ. ഇവിടെ ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.