'സഞ്ചാർ സാഥി' മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

Wednesday 03 December 2025 4:41 PM IST

ന്യൂഡൽഹി: രാജ്യത്ത് പുതുതായി ഇറങ്ങുന്ന സ്‌മാർട്ട് ഫോണുകളിൽ സൈബർസുരക്ഷയുടെ ഭാഗമായി 'സഞ്ചാർ സാഥി' ആപ്പ് ഉൾപ്പെടുത്തണമെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ. ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണിത്. ആപ്പിൾ ഉൾപ്പെടെയുള്ള ഫോൺ നിർമാതാക്കൾ ഉത്തരവിനെ നിയമപരമായി നേരിടാൻ തയ്യാറെടുക്കുകയും ചെയ്‌തിരുന്നു.

സഞ്ചാർ സാഥിയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീ ഇൻസ്റ്റലേഷൻ നിർബന്ധമാക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ 1.4 കോടി ഉപയോക്താക്കൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ ആറ് ലക്ഷംപേർ ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ദിനംപ്രതി 2000 തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ആപ്പിലെ ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു പ്രവർത്തനവുമില്ല. ആവശ്യമുള്ളപ്പോഴെല്ലാം ആപ്പ് നീക്കം ചെയ്യാനും കഴിയും. ഇത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ, പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അവരെ ബിഗ് ബോസിനെപ്പോലെ നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖന്മാരെ നിയന്ത്രിക്കാൻ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഏകപക്ഷീയമായ നിർദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.