ബൈക്ക് വാങ്ങിയത് മാസങ്ങൾക്ക് മുൻപ്; അമിത വേഗതയിൽ സഞ്ചരിച്ച 18കാരന് ദാരുണാന്ത്യം
സൂറത്ത്: അമിത വേഗതയിൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വ്ലോഗർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 'പികെആർ വ്ലോഗർ' എന്നറിയപ്പെടുന്ന പ്രിൻസ് പട്ടേൽ (18) ആണ് മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ച് വീണ ഇയാൾ തല തകർന്നാണ് മരിച്ചത്. തന്റെ കെടിഎം ഡ്യൂക്ക് ബൈക്കിൽ 140 കിലോമീറ്റർ സ്പീഡിലാണ് യുവാവ് സഞ്ചരിച്ചത്. സൂറത്തിലെ മൾട്ടി ലെവൽ ഫ്ലൈഓവറായ ഗ്രേറ്റ് ലൈനർ ബ്രിഡ്‌ജിലാണ് അപകടം നടന്നത്.
ബ്രിഡ്ജ് ഇറങ്ങി വന്ന വഴിക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവ് പലതവണ റോഡിലൂടെ ഉരുണ്ട് ഡിവൈഡറിൽ ഇടിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടസമയത്ത് പ്രിൻസ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നിയന്ത്രണം വിട്ട ബൈക്ക് ഏകദേശം 100 മീറ്ററോളം നിരങ്ങി നീങ്ങിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
ബൈക്ക് റേസിംഗ് ഉള്ളടക്കങ്ങളാണ് പ്രിൻസിന്റെ വ്ലോഗുകളിലേറെയും. കൗമാരക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് പ്രിൻസിന്റെ റീലുകൾക്കും വീഡിയോകൾക്കും ലഭിച്ചിരുന്നത്. സെപ്തംബറിൽ വാങ്ങിയ ഡ്യൂക്ക് 390 ബൈക്കിന് ലൈല എന്ന് പേരിട്ട ശേഷം താൻ മജ്നു ആണെന്ന് പറഞ്ഞ് പ്രിൻസ് വീഡിയോകൾ ചെയ്‌തിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തു.