കൂട്ടിലടച്ച തത്ത വീട്ടിലുള്ളത് നല്ലതാണോ? ഇക്കാര്യം പ്രത്യേകം അറിയണം
വളരെ ഓമനത്തമുള്ള പക്ഷിയായാണ് തത്തയെ നാം കണക്കാക്കുന്നത്. മനുഷ്യർ സംസാരിക്കും പോലെ തിരികെ സംസാരിക്കാൻ നന്നായി പരിശീലിപ്പിച്ചാൽ തത്തയ്‌ക്ക് കഴിയും. ഈ സവിശേഷത കൊണ്ടും വേഗം ഇണങ്ങുമെന്നതുകൊണ്ടും പല വീടുകളിലും തത്തയെ വളർത്താറുണ്ട്. തത്തയുടെ പല വെറൈറ്റികൾ ഉണ്ട്. ഇവയിൽ ചിലതിനെയൊക്കെ കൂട്ടിലിടാതെ വീട്ടിൽ വളർത്തുന്നവരുണ്ട്. എങ്കിലും പലരും തത്തയെ കൂട്ടിലിട്ട് തന്നെയാണ് വളർത്തുന്നത്. തത്തയെ വീട്ടിൽ വളർത്തുന്നത് വാസ്‌തു ശാസ്‌ത്രപ്രകാരം നല്ലതാണോ? ഇക്കാര്യത്തിൽ വിദഗ്ദ്ധർ ചില പ്രത്യേക നിർദ്ദേശങ്ങൾ നൽകാറുണ്ട്.
തത്തയെയോ മൈനയെയോ വീട്ടിൽ വളർത്തുന്നത് ഐശ്വര്യം കൊണ്ടുവരിക തന്നെ ചെയ്യും. വീടിന്റെ വടക്കുഭാഗത്ത് തത്തയെ താമസിപ്പിക്കുന്നതാണ് നല്ലത്. ഇതുവഴി കുട്ടികളുള്ള വീടാണെങ്കിൽ അവർക്ക് ഓർമ്മശക്തി വർദ്ധിക്കും അതുവഴി പഠനത്തിലും മിടുക്കരാകും. തത്ത വീട്ടിലുണ്ടെങ്കിൽ പലർക്കും ഭയചിന്തകളോ നിരാശകളോ ഉണ്ടാകില്ല. തത്തയെ വളർത്തുന്നതിനാൽ ദമ്പതികൾക്കും ഐക്യമുണ്ടാകാം. ഐശ്വര്യം വീട്ടിൽ വരുത്തുന്ന പക്ഷിയാണ് ഇവ എന്നതിനാൽ രോഗങ്ങളുണ്ടാകില്ല. ശനി, രാഹുകേതു എന്നിവയുടെ പ്രശ്‌നവും തത്തയുണ്ടായാൽ വരില്ലെന്ന വിശ്വാസം ചിലയിടത്തുണ്ട്. എന്നാൽ കൂട്ടിലിട്ട് തത്തയെ വളർത്തുന്നത് ശരിയല്ല. ഇത് വീട്ടിൽ പ്രശ്‌നങ്ങളെ വിളിച്ചുവരുത്തുമെന്നാണ് വാസ്‌തു വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.