പ്രവാസി യാത്രക്കാരുടെ പരാതികള്‍ ഉള്‍പ്പെടെ നിത്യസംഭവമായി മാറുന്നു; പ്രതികരിച്ച് ഇന്ത്യന്‍ വിമാനക്കമ്പനി

Wednesday 03 December 2025 8:40 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാധാരണക്കാരന് വിമാനയാത്രയെന്ന സ്വപ്‌നം അധികം ചെലവില്ലാതെ യാഥാര്‍ത്ഥ്യമാക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ്. ബജറ്റ് എയര്‍ലൈന്‍ എന്ന പേരിലും അറിയപ്പെടുന്ന ഇന്‍ഡിഗോയ്ക്ക് പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി അത്ര നല്ല സമയമല്ല. കമ്പനിയുടെ വരുമാനത്തില്‍ ഉള്‍പ്പെടെ ഇടിവ് സംഭവിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന വിമാനം റദ്ദാക്കലും വഴി തിരിച്ച് വിടുന്നതും ഇന്‍ഡിഗോ മുന്‍പൊന്നുമില്ലാത്ത അത്രയും നേരിടുന്നുണ്ട്.

ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാനത്തിന് തുടരെ തുടരെ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സമീപകാലത്തായി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിമാനം വഴി തിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തതിനാലാണ് ഇന്‍ഡിഗോ പ്രസ്താവന ഇറക്കിയത്.

വിമാനത്താവളത്തിലെ തിരക്ക്, സാങ്കേതിക പ്രശ്നങ്ങള്‍, റദ്ദാക്കല്‍, വഴിതിരിച്ചു വിടല്‍ എന്നീ കാരണങ്ങള്‍കൊണ്ടു തന്നെ കുറച്ചു ദിവസങ്ങളായി നിരവധി ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു. അത്തരം യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗമായി വേറെ വിമാനം ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അല്ലാത്തവര്‍ക്ക് റീഫണ്ട് ലഭ്യമാക്കുന്നുണ്ടെന്നും ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചൊവ്വാഴ്ച ഹൈദരാബാദിലേക്കുള്ള രണ്ട് വിമാനങ്ങള്‍ മോശം കാലാവസ്ഥയും ലോ വിസിബിളിറ്റിയും കാരണം വഴിതിരിച്ചു വിട്ടിരുന്നു. റിയാദില്‍ നിന്നുള്ള എക്സ് വൈ 325 വിമാനം മുംബയിലേക്കാണ് തിരിച്ചു വിട്ടത്. കാലാവസ്ഥയെ ആശ്രയിച്ച് കൂടുതല്‍ വിമാനങ്ങള്‍ ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടാനുള്ള സാദ്ധ്യധ തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വൈകിയിരുന്നു. എട്ട് മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.