കുറുമാത്തൂരിൻ കൂറ് ആരോട്

Wednesday 03 December 2025 8:46 PM IST

കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച കുറുമാത്തൂർ ഡിവിഷനിൽ മത്സരം കടുക്കുമെന്നാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ആത്മവിശ്വാസം. എന്നാൽ പരമ്പരാഗതമായി കുത്തകയായ മേഖലയിൽ ഇക്കുറിയും മാറ്റമൊന്നുമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലായി 49 വാർഡുകൾ ഉൾപ്പെടുന്നതാണ് കുറുമാത്തൂർ ഡിവിഷൻ, പരമ്പരാഗതമായി സി പി.എമ്മിന് കരുത്തുള്ള മേഖലയാണ്. കുറുമാത്തൂർ, ചെങ്ങളായി, ചുഴലി, കുറ്റിയേരി, പന്നിയൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ സംയോജിപ്പിച്ച് രൂപീകരിച്ച ഈ ഡിവിഷനിൽ മൊത്തം 76,287 വോട്ടർമാരുണ്ട്. കർഷകരും തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് കോൺഗ്രസിനും ബി.ജെ.പിക്കും സ്വാധീനമുള്ള പോക്കറ്റുകളുമുണ്ട്. ചുഴലി, കുറുമാത്തൂർ, പന്നിയൂർ, കുറ്റിയേരി പഞ്ചായത്തുകളിലെ മിക്ക വാർഡുകളും എൽ.ഡി.എഫിന്റെ കോട്ടകളാണ്. സംസ്ഥാനസർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായാൽ ഇവിടെയും പ്രതിഫലിക്കുമെന്ന് കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

കർഷക- കർഷക തൊഴിലാളി വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ് പ്രചാരണം. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളും സഹകരണ മേഖലയിലെ നേട്ടങ്ങളും അവർ മുഖ്യ ആയുധമാക്കുന്നു. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന വിശ്വാസത്തിൽ അത് പ്രയോജനപ്പെടുത്താനാണ് യു.ഡി.എഫ്. ശ്രമം. പ്രത്യേകിച്ചും, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം ഗ്രാമ പഞ്ചായത്തുകളിലെ അവികസിതാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം.കേന്ദ്ര സർക്കാരിന്റെ വികസനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ വോട്ടർമാരെ സമീപിക്കുന്നത്.

ഇവർ അങ്കത്തട്ടിൽ സി.പി.ഐയുടെ എ.പ്രദീപനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പാട്യം സ്വദേശിയായ പ്രദീപൻ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സഹകരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച പ്രദീപൻ, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. 1996ൽ ആർ.എസ്.എസ്-ബി.ജെ.പി വധശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രദീപൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇരിക്കൂർ ചേടിച്ചേരി സ്വദേശിയായ മുഹ്സിൻ കാലിക്കറ്റ് സർവകലാശാല മുൻ സെനറ്റ് അംഗവും മലയാള സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർത്ഥിയുമാണ്.യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് മാഗസിൻ എഡിറ്ററായിരുന്ന മുഹ്സിൻ, ഇരിക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്ററായ രമേശൻ ചെങ്ങൂനിയാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. കാഞ്ഞിരങ്ങാട് സ്വദേശിയായ ഇദ്ദേഹം ബി.എം.എസ് ജില്ലാ ഭാരവാഹിയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ ഈ സ്ഥാനാർത്ഥി സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയിലാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.ഇവർക്ക് പുറമെ എസ്.‌‌ഡി.പി.ഐയുടെ പി.കെ.മുസ്തഫയും മത്സരരംഗത്തുണ്ട്.