ഡെന്നീസിന്റെ ബത്ലഹേം 12ന് വീണ്ടും തുറക്കും
കലാഭവൻ മണിയുടെ ഒാർമകളുമായി പുതിയ പോസ്റ്റർ
കലാഭവൻ മണിക്ക് ഹൃദയങ്ങളിൽ നിന്ന് എന്ന കുറിപ്പോടെ ‘സമ്മർ ഇൻ ബത്ലഹേം’ ഫോർ കെ പതിപ്പിന്റെപുതിയ പോസ്റ്റർ പുറത്തിറങ്ങി. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നിസും, നിരഞ്ജനും, മോനായിയും ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്ളാസിക് സമ്മർ ഇൻ ബത്ലഹേം ഡിസംബർ 12ന് റീ റിലീസ് ചെയ്യും. മോനായി എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ , സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. മോഹൻലാൽ അതിഥിവേഷത്തിലും എത്തി . കൊക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവയുമായി സഹകരിച്ച് ചിത്രം തിയേറ്ററിൽ എത്തിക്കുന്നു. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് സമ്മർ ഇൻ ബത്ലഹേം ഫോർ കെ നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇപ്പോഴും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. പി.ആർ.ഒ : പി.ശിവപ്രസാദ്.