ചേലോറ സോണലിൽ വിമതർ ഭീഷണി; ചൂടൻ ത്രികോണ മത്സരങ്ങളും 

Wednesday 03 December 2025 9:12 PM IST

കണ്ണൂർ:വിമത ഭീഷണിയും ശക്തമായ ത്രികോണ മത്സരങ്ങളും ചേലോറ സോണലിലെ ഏഴു ഡിവഷനുകളിൽ മത്സരം പ്രവചനാതീതമാക്കുന്നു.ഏറെ ചർച്ചചെയ്യപ്പെട്ട ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് ഉൾപ്പെടുന്ന ഈ മേഖലയിൽ നിലവിൽ യു.ഡി.എഫിന് നാലും എൽ.ഡി.എഫിന് മൂന്നും ഡിവിഷനുകളാണുള്ളത്. ഇത്തവണ ആഭ്യന്തര ഭിന്നതകളും വിമതരുമടക്കം ഉയർത്തുന്ന ഭീഷണിക്കിടെയാണ് പ്രചാരണം പുരോഗമിക്കുന്നത്.

ദീർഘചർച്ചകൾക്ക് ശേഷം കോൺഗ്രസും മുസ്ലീം ലീഗും സമവായത്തിലെത്തിയ വാരം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി.താഹിർ കടുത്ത വിമതഭീഷണിയാണ് നേരിടുന്നത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലീംലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ.വി.റയീസ് സ്വതന്ത്രനായി ശക്തമായി നിലിയുറപ്പിച്ചിരിക്കുകയാണ്. എൽ.ഡി.എഫിലെ പി.അനിൽകുമാറും ബി.ജെ.പിയിലെ സി.കെ.പ്രഷിലുമാണ് മറ്റ് സ്ഥാനാർത്ഥികൾ.കഴിഞ്ഞ തവണ 181 വോട്ടിനാണ് യു.ഡി.എഫ് ഇവിടെ വിജയം നേടിയിരുന്നത്. ഭിന്നതയുടെ പശ്ചാത്തലത്തിൽ സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

യു.ഡി.എഫിന്റെ ശക്തികേന്ദ്രമായി വലിയന്നൂർ

469 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച വലിയന്നൂരിൽ ഇക്കുറിയും മുന്നണി ആത്മവിശ്വാസത്തിലാണ്. എന്നാൽ വാരം ഡിവിഷനിലെ ആഭ്യന്തര കലഹങ്ങളുടെ പ്രതിഫലം ഇവിടെയും പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.കെ.ലിബിൻ (എൽ.ഡി.എഫ്),കെ.സുമ (യു.ഡി.എഫ്), പി.ശാരിക (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ.

ചേലോറയിലും മത്സരം കടുക്കും 258 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച ചേലോറയിൽ ഇത്തവണ മത്സരം കടുക്കുകയാണ്.എൽ.ഡി.എഫിന്റെ കെ.സരസ്വതി, യു.ഡി.എഫിന്റെ കെ.ഷീന, ബി.ജെ.പിയുടെ ഇന്ദു മധുസൂദനൻ എന്നിവരാണ് മത്സര രംഗത്ത്.

മാച്ചേരി നിലനിർത്താൻ യു.ഡി.എഫ്

113 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച മാച്ചേരിയിലും എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവ് അവകാശപ്പെടുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി എ.പ്രമീള, എൽ.ഡി.എഫിന്റെ കെ.കെ.പ്രീത, ബി.ജെ.പിയുടെ ടി. കൃഷ്ണവേണി എന്നിവരാണ് രംഗത്ത്.

മത്സരച്ചൂടിൽ പള്ളിപ്പൊയിൽ

മുൻ കോൺഗ്രസ് നേതാവും കൗൺസിലറുമായ ടി.സി.താഹ എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പള്ളിപ്പൊയിൽ ഡിവിഷൻ ശ്രദ്ധേയമാകുകയാണ്. കോൺഗ്രസിന്റെ എം. റഫീഖ്, ബി.ജെ.പി നേതാവ് യു.ടി.ജയന്തൻ, സ്വതന്ത്ര സ്ഥാനാർത്ഥി എൻ.വി. തൗഫീക്ക് എന്നിവരും മത്സരിക്കുന്നു.കഴിഞ്ഞ തവണ യു.ഡി.എഫ് 435 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

എൽ.ഡി.എഫിന്റെ ഉറപ്പായി കാപ്പാട്

873 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച കാപ്പാട് ഡിവിഷനിൽ ഈ തവണയും മുന്നണി ആത്മവിശ്വാസത്തിലാണ്. എൽ.ഡി.എഫിന്റെ സി സി ഗംഗാധരൻ, യു.ഡി.എഫിന്റെ പാർത്ഥൻ ചങ്ങാട്ട്, ബി.ജെ.പിയുടെ ഷമീർ ബാബു, സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനീത് കുമാർ മുകുന്ദൻ എന്നിവരാണ് മത്സരരംഗത്ത്.

തിലാന്നൂരിലും എൽ.ഡി.എഫ് പ്രതീക്ഷ

കഴിഞ്ഞ തവണ 530 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച തിലാന്നൂരിൽ മുൻ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വി.കെ.പ്രകാശിനിയെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിട്ടുണ്ട്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയാണ് പ്രകാശിനി.സി.പി.മുസ്തഫ (യു.ഡി.എഫ്), ടി.സി.മനോജ് (ബി.ജെ.പി), സി.എച്ച്.ജംഷാദ് (സ്വതന്ത്രൻ) എന്നിവരും മത്സരരംഗത്തുണ്ട്.