തനിയാവർത്തനം

Thursday 04 December 2025 3:21 AM IST

ആറ്റിങ്ങൽ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസം മോഹിനിയാട്ടം മത്സര വേദിയിൽ സംഭവിച്ച രംഗങ്ങളുടെ തനിയാവർത്തനമായിരുന്നു ഇന്നലെ ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം മത്സര വേദിയിലും.

വിധികർത്താക്കളെ കുറിച്ച് പരാതി,കോഴ ആരോപണം,രക്ഷിതാക്കളുടെ ബഹളം,മത്സരാർത്ഥികളുടെ കണ്ണീർ,പൊലീസിന്റെ ഇടപെടൽ... കലാസ്വാദനത്തിനായി മാത്രം എത്തിയ കാണികൾ ഇതെല്ലാം കണ്ട് ആകെ ആശയക്കുഴപ്പത്തിലായി.

ഭരതനാട്യത്തിന് വിധികർത്താക്കളായി കഴിഞ്ഞ വർഷത്തെ അതേ നർത്തകർ തന്നെ എത്തിയതിനെ ചൊല്ലിയാണ് ബഹളം ആരംഭിച്ചത്.പിന്നീട് അത് കോഴ ആരോപണമായി.ഇതെല്ലാം മന്ത്രിയെ അറിയിച്ചിട്ടുതന്നെ കാര്യമെന്ന് പറഞ്ഞ് ചിലർ 'തിരുവനന്തപുരത്തേക്ക് വിളിച്ചു". മന്ത്രിയോട് പറഞ്ഞുവെന്ന് ചിലരുടെ അവകാശവാദം സംഘാടകർ ചെവിക്കൊണ്ടില്ല.

ഇതിനിടയിൽ തട്ടിൽ കയറി കളിച്ചവർ തട്ടിയടിച്ച് വീണു. തട്ടിക്കൂട്ടി ഒരുക്കിയ വേദിയിൽ കാല് കുടുങ്ങാൻ പാകത്തിൽ വിടവുകളുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞുകരഞ്ഞു. ഇതോടെ മത്സരം നിറുത്തി.സ്റ്റേജിന്റെ ചുമതലക്കാരെത്തി പേപ്പറും മറ്റുമെക്കെ തിരുകികയറ്റിവച്ച് ആ പ്രശ്നത്തിന് താത്കാലിക അറുതി വരുത്തി.മത്സരം തുടർന്നു.

ജഡ്ജസ് പ്ലീസ് നോട്ട്, മൈക്ക് ഓഫാണ്...

വട്ടപ്പാട്ടിങ്ങനെ മുറുകി വരുമ്പോൾ പാട്ട് കേൾക്കുന്നില്ല. മത്സരാർത്ഥികൾ പാടുന്നുണ്ട്. മൈക്ക് ഓഫായാൽ എന്തു ചെയ്യും. ഒരുവട്ടമല്ല, രണ്ടുവട്ടം മൈക്ക് നിശ്ശബ്ദമായി.

വിധികർത്താക്കൾക്ക് രക്ഷയായി പൊലീസ്

യു.പി വിഭാഗം ഒപ്പന ഫലപ്രഖ്യാപനത്തിന് പിന്നാലെ വേദിക്ക് പുറത്ത് പ്രതിഷേധം.നന്നായി കളിച്ചിട്ടും ഒന്നാംസമ്മാനം നിഷേധിച്ചെന്ന് ആരോപിച്ച് കഴക്കൂട്ടം അൽ ഉദ്മാൻ സ്‌കൂൾ മത്സരാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ് പ്രതിഷേധിച്ചത്. പൊലീസെത്തിയാണ് വിധികർത്താക്കളെ അവിടെനിന്ന് മാറ്റിയത്. ആരെങ്കിലും കൈവച്ചാൽ സീൻ മാറില്ലേ!