മിന്നിച്ച് ലീഡെടുത്ത് പാലോട് തൊട്ടുപിന്നിൽ സൗത്ത്

Thursday 04 December 2025 12:22 AM IST

ലീഡ് വഴങ്ങാതെ നന്ദിയോട് എസ്.കെ.വി.എച്ച്.എസ്

ആറ്റിങ്ങൽ: ജില്ലാ കലോത്സവം മൂന്നാം രാവും പിന്നിടുമ്പോൾ, ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്നത് പാലോട് സബ്‌ജില്ല.രണ്ടാം നാളിൽ അധിപത്യം പുലർത്തിയിരുന്ന തിരുവനന്തപുരം സൗത്തിനെ ചേസ് ചെയ്താണ് പാലോട് ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്.പാലോടിന് പോയിന്റ് 587.സൗത്ത് - 583

ഇന്നലെ രാത്രി 8വരെ മൂന്നാം സ്ഥാനത്ത് തുടർന്നിരുന്ന കിളിമാനൂരിനെ (565) മറികടന്ന്, അഞ്ചാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നോർത്ത് (570) മൂന്നാം സ്ഥാനത്തെത്തി.

കിളിമാനൂരാണ് നാലാമത്.560 പോയിന്റ്.ആതിഥേയരായ ആറ്റിങ്ങൽ (559) അഞ്ചാമതാണ്.

മികച്ച സ്കൂളുകൾക്ക് വേണ്ടിയുള്ള മത്സരത്തിൽ പാലോട് സബ് ജില്ലയിലെ നന്ദിയോട് എസ്.കെ.വി എച്ച്.എസാണ് മുന്നിൽ.രണ്ടാം ദിനം മുതൽ ലീഡ് നേടിയ നന്ദിയോട് സ്കൂളിന് 217പോയിന്റുണ്ട്.സൗത്ത് സബ് ജില്ലയിലെ കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്- 158 പോയിന്റ്. 122 പോയിന്റ് നേടിയ കിളിമാനൂ‌ർ ആർ.ആർ.വി.ജി.എച്ച്.എസ്.എസാണ് മൂന്നാമത്.

പ്രധാനവേദിയിൽ നടന്ന ഒപ്പന,രണ്ടാം വേദിയിലെ മൂകാഭിനയം,നാടകം,12-ാം വേദിയിലെ ഭരതനാട്യം,9ലെ നാടോടിനൃത്തം,13ലെ ലളിതഗാനം എന്നീ മത്സരങ്ങൾ ആസ്വദിക്കാനായിരുന്നു കാണികളേറെ. മിക്ക വേദികളുടെയും സൗകര്യമില്ലായ്മയും വലിപ്പക്കുറവുമൊക്ക,കലാപ്രകടനത്തിനും ആസ്വാദനത്തിനും വിലങ്ങായി.

രണ്ടാം ദിനത്തിലെന്നപോലെ മത്സരഫലത്തിനെച്ചൊല്ലി ഇന്നലെയും തർക്കവും ബഹളവുമുണ്ടായി. ഭരതനാട്യം,ഒപ്പന വേദികളിലെ തർക്കം തീർക്കാൻ പൊലീസ് ഇടപെടേണ്ടിവന്നു.

അപ്പീലുകൾ 104

തർക്കങ്ങളെല്ലാം അവസാനിക്കുന്നത് അപ്പീലുകളിലാണ്. ഇന്നലെയോടെ അപ്പീലുകളുടെ എണ്ണം 104 ആയി.