ഇന്ത്യ പല കഷ്‌ണങ്ങളായി തകർന്നാലേ സമാധാനമുണ്ടാകൂ എന്ന് ബംഗ്ളാദേശിലെ ജമാ അത്തെ ഇസ്ളാമി നേതാവ്
ധാക്ക: ഇന്ത്യ പല കഷ്‌ണങ്ങളായി തകർന്നാലേ തങ്ങൾക്ക് സമാധാനമുണ്ടാകൂ എന്ന് ജമാ അത്തെ ഇസ്ളാമി നേതാവും ബംഗ്ളാദേശ് കരസേന മുൻ ജനറലുമായ അബ്‌ദുല്ലഹിൽ അമാൻ അസ്‌മി. ഇന്ത്യ പല കഷ്‌ണങ്ങളായി തകരാതെ ബംഗ്ളാദേശിൽ സമാധാനമുണ്ടാകില്ല. 'ഇന്ത്യ എപ്പോഴും ബംഗ്ളാദേശിനെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. എല്ലാ കാര്യത്തിലും ഇന്ത്യ ഇടപെടുന്നു. നമ്മുടെ മാദ്ധ്യമങ്ങളിലും സംസ്‌കാരത്തിലും വരെ അവർ ഇടപെടുന്നു.' ധാക്കയിലെ നാഷണൽ പ്രസ് ക്ളബിൽ നടന്ന പരിപാടിയിൽ അബ്‌ദുല്ലഹിൽ അമാൻ അസ്‌മി പറഞ്ഞു.
ഷെയ്‌ഖ് മുജീബുർ റഹ്‌മാൻ സർക്കാരിന്റെ കാലത്ത് പാർബത്യ ചിറ്റഗോംഗ് ജന സംഹതി സമിതി രൂപീകരിച്ചു. അതിന്റെ സായുധവിഭാഗം ശാന്തി ബാഹിനി. ഇന്ത്യ അവർക്ക് സംരക്ഷണവും ആയുധവും പരിശീലനവും നൽകിയെന്ന് അബ്‌ദുല്ലഹിൽ അമാൻ അസ്‌മി ആരോപിച്ചു. ഇതുകാരണം 1975 മുതൽ 1996വരെ ഈ മേഖലയിൽ രക്തച്ചൊരിച്ചിലുണ്ടായെന്ന് അസ്‌മി പറഞ്ഞു. ബംഗ്ളാദേശിന്റെ തെക്ക് കിഴക്കൻ മേഖലയും ഇന്ത്യയുമായി ചേർന്ന് നിൽക്കുന്ന ഈ ഭാഗത്തെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് അബ്‌ദുല്ലഹിൽ അമാൻ അസ്‌മി ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്.