അംഗബലമില്ലാതെ മാറനല്ലൂർ പൊലീസ് സ്റ്റേഷൻ

Thursday 04 December 2025 3:00 AM IST

മലയിൻകീഴ്: മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്, ക്രമസമാധാനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ബാധിക്കുന്നു. മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും സ്റ്റേഷൻ അതിർത്തി പ്രദേശത്തുമായി നാല് മാസത്തിനിടെ നടന്ന മോഷണങ്ങളിൽ 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മോഷണം തടയുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനുമായി ആറ് പേരടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണം,അപകടം ഉൾപ്പെടെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിക്കേണ്ട സ്ഥിതിയാണ്. തുടരെയുളള മോഷണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ വീട് പൂട്ടി പുറത്തേക്ക് പോകാനാകാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.

സ്റ്റേഷനിലെ പ്രശ്നം

മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ സാധാരണ വേണ്ട അംഗബലം 30 പേരാണ്.എന്നാൽ എസ്.എച്ച്.ഒ,എസ്.ഐ ഉൾപ്പെടെ 21 പേരാണുള്ളത്.ഇവരിൽ ഒരു എ.എസ്.ഐയും രണ്ട് വനിതാ പൊലീസുമുണ്ട്. കോടതി ഡ്യൂട്ടിക്ക് ഇവരിൽ നിന്ന് ഒരാളാണ് പോകാറുള്ളത്.

പൊലീസിനും രക്ഷയില്ല

തൂങ്ങാംപാറയിൽ കഞ്ചാവ് കേസിൽപ്പെട്ട പ്രതിയെ പിടികൂടാനെത്തിയ മാറനല്ലൂർ പൊലീസിനെ ആക്രമിച്ചത് അടുത്തിടെയാണ്. കണ്ടല പഞ്ചായത്തുവക സ്റ്റേഡിയത്തിൽ രാത്രിയിൽ സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ച് തകർക്കുകയും ചെയ്തിരുന്നു.

വൻ മോഷണങ്ങൾ

നവംബർ 25ന് തൂങ്ങാംപാറ ഇറയംകോട് സൈദ്ധവത്തിൽ സന്ധ്യാറാണിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് പവന്റെ മാല മോഷ്ടിച്ചിരുന്നു. പുന്നാവൂർ കൈതയിൽ വീട്ടിൽ നിന്ന് 35 പവൻ നഷ്ടപ്പെട്ട വീട് റൂറൽ എസ്.പി. കെ.എസ്.സുദർശൻ സന്ദർശിച്ചിരുന്നു.

മാറനല്ലൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ളവർ വീട് പൂട്ടിപ്പോകുന്ന വിവരം സ്റ്റേഷനിൽ അറിയിക്കണം.പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് പട്രോളിംഗും നിരീക്ഷണവും നടത്തും.മോഷ്ടാക്കളെ പിടികൂടാൻ ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്.

വി.സജു,​എസ്.എച്ച്.ഒ

മാറനല്ലൂർ പൊലീസ് സ്റ്റേഷൻ