ഇരട്ട തിളക്കവുമായി സായൂജ്
തിരുവനന്തപുരം:നാലാഞ്ചിറ സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥിയായ ദേവ സായൂജ്.എസ്. ജില്ലാ കലോത്സവ വേദിയിൽ ഇരട്ട വിജയവുമായി ശ്രദ്ധേയനായി.ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലും നാടോടി നൃത്തത്തിലുമാണ് സായൂജ് ഒന്നാം സ്ഥാനം നേടിയത്. നൃത്ത ഇനങ്ങളിലെ ആധികാരികമായ പ്രകടനമാണ് സായൂജിന് ഇരട്ട നേട്ടം സമ്മാനിച്ചത്. ഭരതനാട്യത്തിലെ പദചലനങ്ങളിലെ കൃത്യതയും, നാടോടി നൃത്തത്തിലെ ഊർജ്ജസ്വലതയും വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഇന്ന് കുച്ചിപ്പുടി മത്സരത്തിലും സായൂജ് വേദിയിൽ എത്തുന്നുണ്ട്.ഇതിലും ഒന്നാംസ്ഥാനം നേടി ഹാട്രിക് തിളക്കം കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് ഈ കൊച്ചു മിടുക്കൻ.ഒന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്ന സായൂജ്, കോഴിക്കോടുള്ള ഡോ. ഹർഷൻ സെബാസ്റ്റ്യൻ, ചേർത്തലയിലെ സജി വാരനാട് തുടങ്ങിയവരുടെ കീഴിലാണ് പരിശീലനം.നൃത്തത്തിന് പുറമെ കഥകളിയും ചെണ്ടയും അഭ്യസിക്കുന്നുണ്ട്.നെയ്യാറ്റിൻകര കുളത്തൂർ വ്ലാത്തിൽക്കുഴിയിൽ സജു-ദീപിക ദമ്പതികളുടെ മകനാണ് ദേവ സായൂജ്. അച്ഛൻ സജു കൺസ്ട്രക്ഷൻ തൊഴിലാളിയാണ്. അമ്മ ദീപിക സംസ്കൃതത്തിൽ ഗവേഷണം നടത്തുന്നു.