ജീവൻവച്ചു കളിച്ച് 'വിസ്താര': സുരക്ഷയില്ലാതെ പറന്നത് 8 തവണ

Thursday 04 December 2025 12:41 AM IST

ന്യൂഡൽഹി: ആയിരങ്ങളുടെ ജീവൻ അമ്മാനമാടി വിസ്‌താരയുടെ എയർബസ് എ 320 പറന്നു. ഒന്നും രണ്ടുമല്ല,​ എട്ട് സർവീസുകൾ. സുരക്ഷാ സർട്ടിഫിക്കറ്റ് (എയർ വർത്തിനെസ് റിവ്യൂ സർട്ടിഫിക്കറ്റ്) ഇല്ലാതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്‌ക്കെതിരെ ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. 2024ലാണ് എയർ ഇന്ത്യ - വിസ്‌താര ലയനം. 70ൽ 69 വിസ്‌താര വിമാനങ്ങൾക്കും ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഒരു വിമാനമാണ് കുഴപ്പത്തിലായത്.

സർട്ടിഫിക്കറ്റ് പുതുക്കലിനായി അപേക്ഷ നൽകിയിരുന്ന കാലയളവിൽ എൻജിൻ മാറ്റിവയ്‌ക്കാൻ ഗ്രൗണ്ട് ചെയ്‌തിരുന്നു. ഇതിനിടെ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചു. എൻജിൻ മാറ്റി സർവീസ് പുനരാരംഭിക്കുകയും ചെയ്തു. പക്ഷേ സർട്ടിഫിക്കറ്റ് വാങ്ങിയില്ല. കഴിഞ്ഞ നവംബറിൽ എട്ട് റൂട്ടുകളിൽ സ‌ർവീസ് നടത്തി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട എയർ ഇന്ത്യ തന്നെയാണ് നവംബർ 26ന് ഡി.ജി.സി.എയെ വിവരം അറിയിച്ചത്. എയർ ഇന്ത്യയ്‌ക്ക് സ്വന്തം വിമാനങ്ങൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ട്. എന്നാൽ, ലയനത്തിനുശേഷവും വിസ്‌താര വിമാനങ്ങൾക്ക് നേരിട്ട് സർട്ടിഫിക്കറ്റ് നൽകിക്കൊള്ളാമെന്ന് ഡി.ജി.സി.എ നിലപാടെടുക്കുകയായിരുന്നു.

എട്ട് പേർക്ക്

സസ്പെൻഷൻ

സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഉത്തരവാദികളായ എട്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. സർട്ടിഫിക്കറ്റില്ലാത്തത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡി.ജി.സി.എയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കും. ആഭ്യന്തര അന്വേഷണം നടത്തുകയാണന്നും വ്യക്തമാക്കി.

എയർവർത്തിനെസ്

സർട്ടിഫിക്കറ്റ്

 വിമാനം പറക്കാൻ യോഗ്യമാണെന്നതിന് നൽകുന്ന സർട്ടിഫിക്കറ്ര്. വർഷംതോറും വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തിയാണ് നൽകുന്നത്

 അറ്റകുറ്റപ്പണികൾ, നിലവിലെ സ്ഥിതി, പ്രശ്നങ്ങൾ, പറക്കാൻ അനുയോജ്യമാണോ, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പാക്കും