പുട്ടിൻ ഇന്ന് ഡൽഹിയിൽ

Thursday 04 December 2025 12:46 AM IST

ന്യൂഡൽഹി: ഉഭയകക്ഷി, വാണിജ്യ, പ്രതിരോധ സഹകരണത്തിനുള്ള 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തും. നാളെയാണ് ഉച്ചകോടി. അത്യാധുനിക എസ്-500, സുഖോയ് 57 പ്രതിരോധ ഇടപാടുകളിലും തീരുമാനമുണ്ടാകും. യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം പുട്ടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഇന്ന് വൈകിട്ട് 7ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് അത്താഴ വിരുന്നൊരുക്കും. നാളെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണത്തിന് ശേഷം രാജ്ഘട്ട് സന്ദർശിക്കും. ഹൈദരാബാദ് ഹൗസിലെ ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സംയുക്ത പ്രസ്‌താവന. രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപദി മുർമുവും പുട്ടിന് വിരുന്നൊരുക്കും. റഷ്യൻ പ്രതിരോധ മന്ത്രി ബെലോസോവും ബിസിനസ്, വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധി സംഘവും അനുഗമിക്കുന്നു.