സഞ്ചാർ സാഥി അപ്പ് പ്രീഇൻസ്റ്റാൾ ചെയ്യേണ്ട

Thursday 04 December 2025 12:49 AM IST

ന്യൂഡൽഹി: പുതിയ സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തെ തുടർന്ന് ടെലികോം മന്ത്രാലയം പിൻവലിച്ചു. ഉപഭോക്താക്കളെ നിരീക്ഷണത്തിലാക്കാനുള്ള സർക്കാർ തന്ത്രമാണെന്ന പ്രതിപക്ഷ ആരോപണവും പ്രീഇൻസ്റ്റാൾ ചെയ്യാനാകില്ലെന്ന് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ മൊബൈൽ ഫോൺ നിർമ്മാതാക്കൾ നിലപാടെടുത്തതുമാണ് പിൻമാറാൻ കാരണം.

ആപ്പിന്റെ ജനപ്രീതി വർദ്ധിച്ച സാഹചര്യത്തിൽ പ്രീ ഇൻസ്റ്റാൾ നിർബന്ധമല്ലെന്നാണ് ടെലികോം വകുപ്പിന്റെ വിശദീകരണം. ഉത്തരവിറങ്ങി 24 മണിക്കൂറിനുള്ളിൽ ആറു ലക്ഷം പേരുൾപ്പെടെ 1.4 കോടി ആൾക്കാർ ഡൗൺലോഡ് ചെയ്‌തു. കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് പ്രീഇൻസ്റ്റാൾ നിർദ്ദേശമിറക്കിയത്.

ഉപഭോക്താക്കൾക്ക് സൈബർ സുരക്ഷ ഉറപ്പു വരുത്തുകയല്ലാതെ മറ്റു ഉദേശ്യമൊന്നും ഇല്ലെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ ലോക്‌സഭയിൽ ആവർത്തിച്ചിരുന്നു. ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി. താൽപ്പര്യമില്ലാത്തവർ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിഷ്‌ക്രിയമായി തുടരും. എപ്പോൾ വേണമെങ്കിലും മൊബൈൽ ഫോണിൽ നിന്ന് ഡിലിറ്റ് ചെയ്യാം. ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമപ്രകാരം നവംബർ 28 നാണ് ആപ്പ് പ്രീ ഇൻസ്റ്റാൾ നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.