ഉപേക്ഷിച്ച ചോരക്കുഞ്ഞിന് തെരുവുനായ്ക്കൾ കാവൽ

Thursday 04 December 2025 12:56 AM IST

കൊൽക്കത്ത: രാത്രിയിൽ അമ്മ ഉപേക്ഷിച്ച നവജാതശിശുവിന് തെരുവുനായ്‌ക്കൾ കാവലായി. പശ്ചിമ ബംഗാളിലെ നാദിയയിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിന് ചുറ്റും രാത്രി മുഴുവനും നായ്‌ക്കൾ സംരക്ഷണവലയം തീർക്കുകയായിരുന്നു.

നദിയാദിയ നബദ്വീപ് നഗരത്തിലെ സ്വരൂപ് നഗർ റെയിൽവേ കോളനിയിലെ ടോയ്ല‌െറ്റിന് പുറത്താണ് കുഞ്ഞിനെ ഞായറാഴ്ച അർദ്ധരാത്രിയോടെ ആരോ ഉപേക്ഷിച്ചത്. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശവാസികളെത്തിയതോടെ കാവലൊരുക്കിയ നായ്‌ക്കൾ മാറിനിന്നു. നാട്ടുകാർ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് യാതൊരു പരിക്കുമേറ്റിട്ടില്ലെന്നും പിറന്നപ്പോഴുള്ള ചോരയാണ് ദേഹത്തുണ്ടായിരുന്നതെന്നും ഡോക്ടർ പറഞ്ഞു. നബദ്വീപ് പൊലീസും ചൈൽഡ് ഹെൽപ് അധികൃതരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.