തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം തട്ടിയ പ്രതി പിടിയിൽ

Thursday 04 December 2025 12:04 AM IST

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കാസർകോട് സ്വദേശി അറസ്റ്റിലായി. മൊഗ്രാൽ പുത്തൂർ സ്വദേശി നിസാമുദ്ദീനാണ് (35) പിടിയിലായത്. ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പരാതിക്കാരനെ സാമൂഹ്യ മാദ്ധ്യമം വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച് ഇതിൽ അക്കൗണ്ട് എടുപ്പിക്കുകയായിരുന്നു. വിശ്വാസം നേടിയെടുത്ത ശേഷം പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് പണയം അയച്ചു നൽകാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ രണ്ടുമാസത്തിനിടെ 16.6 ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് തട്ടിയത്. അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ ലാഭം സഹിതം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഇതിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണ് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകി. പരാതിക്കാരന് നഷ്ടമായ തുകയിൽ 4.5 ലക്ഷം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കണ്ടെത്തി മരവിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരന് നഷ്ടമായ തുകയിൽ ഒരുലക്ഷം രൂപ അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചു വാങ്ങുകയും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചതായും കണ്ടെത്തി. ചെക്ക് വഴി പിൻവലിച്ച പണം കാസർകോട് സ്വദേശിയായ സുഹൃത്തിനു കൈമാറിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ കേസിൽ രണ്ടു പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി എം.എസ്.സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സി.ഐ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐ ആതിര ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ എസ്.ആർ. ഗിരീഷ്, ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.