ആവണി ആശുപത്രി വിട്ടു, എല്ലാവരോടും നന്ദി പറഞ്ഞ്....

Thursday 04 December 2025 12:07 AM IST

ആലപ്പുഴ: ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു. ഭർത്താവ് ഷാരോണിന്റെ കൈപിടിച്ച് ആവണിയുടെ വീടായ കൊമ്മാടിയിലെ മുത്തലശേരിയിലേക്കാണ് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മടങ്ങിയത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചാണ് ആവണിയെ യാത്രയാക്കിയത്. കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ, ചീഫ് നഴ്സിംഗ് ഓഫീസർ പത്മാവതി തുടങ്ങിയവരും പങ്കെടുത്തു.

നവംബർ 21നായിരുന്നു തുമ്പോളി വളപ്പിൽ വീട്ടിൽ മനുമോൻ, രശ്മി ദമ്പതികളുടെ മകനും ചേർത്തല കെ.വി.എം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹദിവസം ഉണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിനടക്കം ആവണിക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആവണിക്ക് നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടത്താനുള്ള അവസരം ആശുപത്രി അധികൃതർ ഒരുക്കുകയായിരുന്നു. എം. ജഗദീഷ്, ജ്യോതി ദമ്പതികളുടെ മകളാണ് ചേർത്തല ബിഷപ്മൂർ സ്കൂൾ അദ്ധ്യാപികയായ ജെ. ആവണി.

തന്നെ ചേർത്തുപിടിച്ച എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് ആവണി പറഞ്ഞു. ആശുപത്രിയിലെ ഓരോ വിഭാഗത്തിലെയും ആളുകൾ നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് ഷാരോണും വ്യക്തമാക്കി. ആരോഗ്യകാര്യങ്ങൾക്കാണ് ആദ്യ പരിഗണനയെന്നും വിവാഹ സ്വീകരണച്ചടങ്ങ് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും ഇരുവരും പ്രതികരിച്ചു. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആവണിയുടെ ചികിത്സാച്ചെലവ് വി.പി.എസ് ലേക്‌ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പൂർണമായും സൗജന്യമാക്കിയിരുന്നു. തുടർ ചികിത്സയ്ക്കായി ആവണി ആശുപത്രിയിൽ എത്തേണ്ടതുണ്ട്.