പോസ്‌റ്ററുകളെ വെല്ലും ഗോപീന്ദ്രന്റെ ചുവരെഴുത്ത്
അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചരണരംഗം ഫ്ലക്സും വർണ്ണ പോസ്‌റ്ററുകളും കീഴടക്കിയെങ്കിലും ഗോപീന്ദ്രൻ ചുവരെഴുത്തിൽ ഇന്നും മുൻപന്തിയിൽ തന്നെ.രാഷ്ട്രീയ ഭേദമന്യേയുള്ള വോട്ട് അഭ്യർഥനയാണ് പുന്നപ്ര ചള്ളി സ്വദേശി ഗോപീന്ദ്രന്റെ കരവിരുതിൽ തെളിയുന്നത്.
നാലുപതിറ്റാണ്ട് മുമ്പ് പ്രവാസം ജീവിതം അവസാനിപ്പിച്ച് വീട്ടിലിരിക്കുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പുകാലമെത്തിയത്. സുഹൃത്തുക്കളായ തങ്കജി, രംഗനാഥ് എന്നിവരുമായി ചേർന്ന് ഗോപീന്ദ്രൻ ഒരു പരസ്യകലാസ്ഥാപനം തുടങ്ങി. മൂവരുടെയും
പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് 'ഗോതര' എന്ന് പേരിട്ട് പ്രവർത്തനം തുടങ്ങി.
ഇതിനിടെയാണ് തങ്കജിക്ക് സർക്കാർ ജോലി കിട്ടിയത്. രംഗനാഥ് മറ്റ് ജോലി തേടി പോയി. എങ്കിലും ബാനറുകളും ചുവരെഴുത്തുമായി ഗോപീന്ദ്രൻ സജീവമായി തുടർന്നു. ഇന്ന് നാട്ടിലെ അറിയപ്പെടുന്ന ചുവരെഴുത്തുകാരനാണ് അദ്ദേഹം. നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോഴും തന്നെ ഏൽപ്പിച്ച ജോലി ചെയ്‌തുതീർക്കാൻ ചുവരുകൾക്ക് മുന്നിൽ ചായക്കൂട്ടുകളും ബ്രഷുമായി രാപ്പകൽ ഭേദമന്യേ എഴുത്ത് തുടരുകയാണ് ഗോപീന്ദ്രൻ.