പുത്തളത്ത് ഗുണ്ടാ ആക്രമണം: ഭിന്നശേഷിക്കാരന്റെ വീടും വാഹനങ്ങളും അടിച്ചുതകർത്തു

Thursday 04 December 2025 3:16 AM IST

പൂവാർ: കോട്ടുകാൽ പുത്തളത്ത് ഭിന്നശേഷിക്കാരന്റെ വാഹനവും വീടും അടിച്ചുതകർത്ത്, വധഭീഷണി മുഴക്കിയതായി പരാതി.കോട്ടുകാൽ പുത്തളം മാനസിയിൽ ഭിന്നശേഷിക്കാരനായ രാജശേഖരന്റെ (55) വീട്ടിലായിരുന്നു ആക്രമണം നടന്നത്.

ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം.രാജശേഖരന്റെ വീട്ടിലും കടയിലും ഒരു സംഘമാളുകൾ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അടിച്ചുതകർത്തു.വീടിന്റെ ജനാലച്ചില്ലുകളും തകർത്തിട്ടുണ്ട്. വീടിനോട് ചേർന്ന കടയ്ക്കുനേരെയും ആക്രമണമുണ്ടായി.കടയ്ക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന രാജശേഖരന്റെ മകന്റെ ബൈക്കും അടിച്ചുതകർത്തു. വാഹനത്തിൽ സൂക്ഷിച്ചിരുന്ന 35000 രൂപയും നഷ്ടപ്പെട്ടു. ആക്രമണത്തിനിടെ കൈ മുറിഞ്ഞ അക്രമികൾ, ചുമരിൽ രക്തം തേച്ചുവയ്ക്കുകയും വീട്ടുടമയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.സമീപത്തെ സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡിലും രക്തക്കറ തേച്ചിട്ടുണ്ട്.ബഹളം കേട്ട് നാട്ടുകാർ ഉണർന്നതോടെ സംഘം ഓടിരക്ഷപ്പെട്ടു.

സംഭവത്തിൽ കോട്ടുകാൽ പുത്തളം അമ്പലംതട്ട് പറങ്കിമാംവിള വീട്ടിൽ ഷാഹുൽ രാജ് (26),സുഹൃത്ത് പുത്തളം സ്വദേശി ശരത് (27) എന്നിവർക്കെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ഒന്നാം പ്രതി ഷാഹുൽ രാജിന്റെ സഹോദരൻ രാഹുൽ രാജ് ജയിലിലാണ്.രാഹുൽ രാജിന് ജാമ്യം ലഭിക്കാത്തതിനുകാരണം രാജശേഖരനും മക്കളുമാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളം പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.