മാദ്ധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ വന്ന പുതിയ പരാതിയിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം. കുത്തന്നൂരിലാണ് സംഭവം. ചെന്നിത്തല മറുപടി നൽകുന്നതിനിടെ ശബരിമല സ്വർണക്കടത്തിനെ കുറിച്ച് ചോദിക്കൂ എന്നു പറഞ്ഞാണ് പ്രകോപിതരായത്. പുറത്താക്കിയിട്ടും പാർട്ടി പരിപാടികളിൽ രാഹുൽ പങ്കെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിനു പിന്നാലെ പ്രവർത്തകർ രോഷാകുലരായി. ഇടപെടരുത്, താൻ മറുപടി പറയുകയാണെന്ന് ചെന്നിത്തല പറഞ്ഞിട്ടും പിന്മാറിയില്ല. സംസാരം നിറുത്തി ചെന്നിത്തല മടങ്ങി.പിന്നാലെ കൈരളി റിപ്പോർട്ടറെ മർദ്ദിക്കാൻ ശ്രമമുണ്ടായി. മറ്റു റിപ്പോർട്ടർമാരെ പിടിച്ചുതള്ളി.
ജാമ്യവിധി വന്നുകഴിഞ്ഞ്
അടുത്ത നടപടി:ചെന്നിത്തല
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നേതാക്കൾ കൂടിയാലോചന നടത്തും. കെ.പി.സി.സി നേതൃത്വം യുക്തമായ നടപടിയെടുക്കും. പരാതി വരും മുമ്പ് തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. പിന്നീട് പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ഇങ്ങനെയൊരു നടപടി മറ്റേത് പാർട്ടി സ്വീകരിക്കും. സമാന കേസുകൾ സി.പി.എമ്മിൽ വന്നപ്പോഴൊന്നും ഒരു നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല. തന്റെ നിലപാട് തുടക്കം മുതലേ കേരളത്തിലെ ജനങ്ങൾക്ക് അറിയുന്നതാണ്. തീവ്രത അളക്കുകയാണ് സി.പി.എം ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.