വിദ്യാർത്ഥിനിയെ അപമാനിച്ച കണ്ടക്ടർക്ക് 5 വർഷം കഠിന തടവും പിഴയും

Thursday 04 December 2025 1:31 AM IST

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ബസ് യാത്രയ്ക്കിടെ അപമാനിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ, കോടതി 5 വർഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

വെമ്പായം വേറ്റിനാട് രാജ്ഭവനിൽ സത്യരാജിനെയാണ് (53),​പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്.പൊതുഗതാഗത സംവിധാനം സുരക്ഷിതമെന്ന് കരുതി യാത്രചെയ്ത വിദ്യാർത്ഥിനിക്ക് സംരക്ഷണം ഒരുക്കാൻ ബാദ്ധ്യസ്ഥനായ കണ്ടക്ടർ തന്നെ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചത് ഗുരുതരകുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടറായിരുന്നു സത്യരാജ്. ആദ്യം പെൺകുട്ടിയുടെ പിൻഭാഗത്ത് ഇയാൾ കടന്നുപിടിച്ചപ്പോൾ അറിയാതെ കൈ തട്ടിയതാകാമെന്ന് കരുതി കുട്ടി അവിടെനിന്ന് മാറിനിന്നു. പ്രതി തുടർന്നും ആക്രമിച്ചപ്പോൾ പ്രതികരിച്ച കുട്ടി ഇക്കാര്യം സ്‌കൂളിൽ അറിയിച്ചു. സ്കൂൾ അധികൃതരുടെ പരാതിയിൽ ആര്യനാട് പൊലീസാണ് പ്രതിക്കെതിരെ കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്.