മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി ഇന്ന്

Thursday 04 December 2025 12:48 AM IST

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുലിന്റെ അപേക്ഷപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വാദി, പ്രതിഭാഗങ്ങൾ നടത്തിയ വാദം ഒന്നര മണിക്കൂറിലേറെ നീണ്ടു. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിവേണമെന്ന് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുൽ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.

എന്നാൽ, ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി അതിജീവിതയുടെ ചാറ്റുകളും ഫോട്ടോകളും ഉൾപ്പെടെ ഹാജരാക്കി. വിവാഹവാഗ്ദാനം നിലനിൽക്കില്ലെന്ന് തെളിയിക്കാൻ അതിജീവിതയുടെ വിവാഹഫോട്ടോകളടക്കം രാഹുലിനു വേണ്ടി ഹാജരായ അഡ്വ.ശാസ്തമംഗലം അജിത്കുമാർ ഹാജരാക്കി. രാവിലെ 11.45ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് 1.20ന് പൂർത്തിയായി.

'ശാരീരികമായും ഉപദ്രവിച്ചു'

കുഞ്ഞുവേണമെന്നും കുടുംബമായി ജീവിക്കണമെന്നും രാഹുൽ പറഞ്ഞുവെന്ന് അതിജീവിത. ഗർഭം ധരിക്കണമെന്ന് നിർബന്ധിച്ചു. വേണ്ടെന്ന് പലവട്ടം പറഞ്ഞിട്ടും സമ്മതിച്ചില്ല.

ഗർഭധാരണം നടന്നശേഷം അത് ഇല്ലാതാക്കാൻ നിർബന്ധിച്ചു. മാനസികമായി സമ്മർദ്ദത്തിലാക്കി. നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചപ്പോഴെല്ലാം ശാരീരികമായി ഉപദ്രവിച്ചു.

'കേസ് കെട്ടിച്ചമച്ചത്'

കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ലക്ഷ്യത്തോടെയുമെന്ന് മാങ്കൂട്ടത്തിൽ. ബലാത്സംഗവും ഗർഭച്ഛിദ്രവും കളവ്. യുവതിയുമായി പ്രണയബന്ധമുണ്ടായിരുന്നു.

യുവതി ഫ്ലാറ്റിൽ എത്തിയിട്ടുണ്ട്. ബലാത്സംഗമല്ല, ഉഭയസമ്മതപ്രകാരം. യുവതി വിവാഹിതയായിരുന്നു. ഗർഭം ധരിച്ചത് ഭർത്താവിൽനിന്ന്.