പ്രതിഷേധമില്ലാതെ ശീതകാല സമ്മേളനം
ന്യൂഡൽഹി: എസ്.ഐ.ആറിൽ അടുത്തയാഴ‌്ച ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായതോടെ പ്രതിപക്ഷം പ്രതിഷേധമില്ലാതെ ഇന്നലെ പാർലമെന്റിന്റെ ഇരു സഭകളും പ്രവർത്തിച്ചു. അതേസമയം,ലേബർ കോഡിനെതിരെ പാർലമെന്റിന് വെളിയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധിച്ചു.
9, 10 തീയതികളിൽ എസ്.ഐ.ആറിൽ ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ് ആദ്യ രണ്ടു ദിവസവും പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നലെ പിൻവാങ്ങിയത്. എട്ടിന് വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ചർച്ചയിലും പ്രതിപക്ഷം പങ്കെടുക്കും.ഇന്നലെ ഇരുസഭകളിലും ചോദ്യോത്തര വേളയും ശൂന്യവേളയും തടസമില്ലാതെ നടന്നു. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച സെൻട്രൽ എക്‌സൈസ് ഭേദഗതി ബിൽ ചർച്ച ചെയ്‌ത് പാസാക്കി. ഡിസംബർ ഒന്നിന് മൂന്നു ബില്ലുകൾ ലോക്‌സഭയിൽ ചർച്ചയില്ലാതെ പാസാക്കിയിരുന്നു. വായു മലിനീകരണ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില പ്രതിപക്ഷ അംഗങ്ങൾ ഗ്യാസ് മാസ്കുകൾ ധരിച്ചാണ് പാർലമെന്റിൽ പ്രവേശിച്ചത്, ഓക്സിജൻ സിലിണ്ടറുകളും കരുതിയിരുന്നു.
അതേസമയം,മണിപ്പൂരിനുള്ള ജല മലിനീകരണ പ്രതിരോധ നിയന്ത്രണ ഭേദഗതി ബിൽ ചർച്ച ചെയ്‌ത് രാജ്യസഭയിൽ പാസാക്കി. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണമായതിനാലാണ് വീണ്ടും പരിഗണിച്ചത്. ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ മണിപ്പൂരിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു.