ഡൽഹി സ്‌ഫോടനക്കേസ്, പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം തള്ളി
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസ് വിചാരണയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം വിമർശനത്തോടെ ഡൽഹി ഹൈക്കോടതി തള്ളി. ഇതെന്തു ഹർജിയാണെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ,ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ആരംഭിക്കാത്ത വിചാരണയ്‌ക്ക് എങ്ങനെ മേൽനോട്ടം വഹിക്കാനാകും?. വർഷങ്ങളോളം ഇഴഞ്ഞുനീങ്ങുന്ന വിചാരണയുടെ കാര്യമാണെങ്കിൽ കോടതിക്ക് മനസിലാകുമെന്നും കൂട്ടിച്ചേർത്തു. തുടർന്ന് പൊതുപ്രവർത്തകനായ ഡോ. പങ്കജ് പുഷ്‌ക്കർ പൊതുതാത്പര്യഹർജി പിൻവലിച്ചു.
ഡാനിഷ് 7 ദിവസം
കൂടി കസ്റ്റഡിയിൽ
ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഡോ. ഉമർ നബിയുടെ കൂട്ടാളിയെന്ന് കരുതപ്പെടുന്ന ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജാസിർ ബിലാൽ വാനിയെ 7 ദിവസം കൂടി ഇന്നലെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. എൻ.ഐ.എയുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ നവംബർ 17നാണ് ഡാനിഷ് പിടിയിലായത്.