സുപ്രീംകോടതിയിൽ ബഹളംവച്ച അഭിഭാഷകയെ പുറത്താക്കി

Thursday 04 December 2025 1:02 AM IST

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ഇന്നലെ അഭിഭാഷക ബഹളംവച്ചത് കുറച്ചുനേരത്തേക്ക് കോടതി നടപടികൾ തടസപ്പെടുത്തി. രാവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തും,ജസ്റ്റിസ് ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് കേസുകൾ പരിഗണിക്കുകയായിരുന്നു. തന്റെ അടുത്ത സുഹൃത്ത് ഡൽഹിയിലെ ഗസ്റ്റ് ഹൗസിൽ കൊല്ലപ്പെട്ടെന്നും ആദ്യം കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ അന്വേഷണം നടത്തുന്നതെന്നും അഭിഭാഷക അറിയിച്ചു. കോടതിയുടെ പരിഗണനയിൽ ഇല്ലാത്ത വിഷയമായതിനാൽ ഹർജി തയ്യാറാക്കി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ അഭിഭാഷകയുടെ മട്ടുമാറി. താൻ മാനസിക സമ്മർദ്ദത്തിലാണെന്ന് പറഞ്ഞു. കോടതിയിലെ വനിത ഉദ്യോഗസ്ഥർ അഭിഭാഷകയെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ തൊട്ടുപോകരുതെന്ന് അവർ പറഞ്ഞു. ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗം ശാന്തമാക്കാൻ നോക്കിയെങ്കിലും അഭിഭാഷക തണുത്തില്ല. മറ്റു അഭിഭാഷകരുടെ ഇടപെടലുകളും നിഷ്‌ഫലമായി. വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലെ ഓഡിയോ അധികൃതർ മ്യൂട്ട് ചെയ്‌തു. ഒടുവിൽ വല്ലവിധേനയും അഭിഭാഷകയെ കോടതിമുറിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.