ബ്രഹ്‌മോസിന്റെ മുഖ്യകേന്ദ്രം വരുമ്പോൾ

Thursday 04 December 2025 2:03 AM IST

ഇന്ത്യ - റഷ്യ സഹകരണത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ബ്രഹ്‌മോസ് മിസൈലിന്റെ പിറവി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെതിരെ നടന്ന ആക്രമണത്തിൽ ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ പ്രയോഗിച്ചിരുന്നു. ഇന്ത്യയിലെയും റഷ്യയിലെയും രണ്ട് പ്രമുഖ നദികളുടെ പേരുകളിൽ നിന്നാണ് ബ്രഹ്‌മോസ് എന്ന പ്രതീകാത്‌മകമായ പേര് ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ നദിയായ ബ്രഹ്‌മപുത്രയിൽ നിന്ന് ബ്രഹ്‌മും,​ റഷ്യയിലെ മോസ്‌കോ നദിയിൽ നിന്ന് മോസും ചേർന്നണ്ടായ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് ഇന്ത്യൻ പ്രതിരോധ ആവനാഴിയിലെ ബ്രഹ്‌മാസ്‌ത്രം തന്നെയാണ്. ബ്ര‌ഹ്‌മോസ് എയ്‌റോസ്പെയിസ് ലിമിറ്റഡിന്റെ ഒരു യൂണിറ്റ് തിരുവനന്തപുരത്ത് ചാക്കയിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ ബ്രഹ്‌മോസിന്റെ ഘടകങ്ങളാണ് നിർമ്മിക്കുന്നത്. ബ്രഹ്‌മോസ് മിസൈൽ തന്നെ പൂർണമായും നിർമ്മിക്കുന്ന ഒരു രണ്ടാം യൂണിറ്റ് തിരുവനന്തപുരത്ത്,​ കള്ളിക്കാട്ടെ നെട്ടുകാൽത്തേരിയിൽ വരുമെന്നത് ഉറപ്പായിരിക്കുന്നു.

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ 457 ഏക്കർ ഭൂമിയിൽ 257 ഏക്കർ ബ്രഹ്‌മോസ് മിസൈൽ യൂണിറ്റ് ഉൾപ്പെടെയുള്ള മൂന്ന് പദ്ധതികൾക്കായി ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതോടെയാണിത്.

നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിന്റെ അധീനതയിലുള്ള 180 ഏക്കറിലാവും ബ്രഹ്‌മോസ് യൂണിറ്റ് നിലവിൽ വരിക. തുറന്ന ജയിലുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ കേരള സർക്കാർ നൽകിയ ഇടക്കാല അപേക്ഷയിലാണ് ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ച് സ്ഥലം ഉപയോഗിക്കാൻ അനുമതി നൽകിയത്. ബ്രഹ്‌മോസ് എയ‌്‌റോസ്‌പെയിസ് ട്രിവാൻഡ്രം ലിമിറ്റഡിന് ഭൂമി നൽകുക വഴി രാജ്യസുരക്ഷയ്ക്കും പ്രതിരോധ വളർച്ചയ്ക്കും നേരിട്ട് സംഭാവന ചെയ്യാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഇതിനു പുറമെ,​ കേന്ദ്ര സായുധ പൊലീസ് സേനയായ സശസ്‌ത്ര സീമാ ബലിന് 45 ഏക്കറും,​ കേന്ദ്ര ഫോറൻസിക് സയൻസ് സർവകലാശാലയ്ക്ക് 32 ഏക്കറും നൽകാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയും സുപ്രീംകോടതി അംഗീകരിച്ചു. ബ്രഹ്‌മോസ് മിസൈലിന്റെ പുതുതലമുറ പതിപ്പുകളാവും നെട്ടുകാൽത്തേരിയിലെ കേന്ദ്രത്തിൽ നിർമ്മിക്കുക. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളിലൊന്നായാണ് പ്രതിരോധ വിദഗ്ദ്ധർ ബ്രഹ്‌മോസിനെ വിലയിരുത്തുന്നത്. ഇന്ത്യയുടെ പല സൗഹൃദ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ ഇതിനകം തന്നെ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ബ്രഹ്‌മോസിന്റെ ചാക്കയിലെ ഉപകേന്ദ്രത്തിനു പുറമെ,​ മുഖ്യ കേന്ദ്രം കൂടി തിരുവനന്തപുരം ജില്ലയിൽ വരുന്നതോടെ തലസ്ഥാന നഗരി ഇന്ത്യയുടെ പ്രതിരോധ ഭൂപടത്തിൽ നിർണായക സ്ഥാനമാകും കൈവരിക്കുക.

വിഴിഞ്ഞം തുറമുഖം, ആക്കുളത്ത് ദക്ഷിണ വ്യോമ കമാൻഡ് ആസ്ഥാനം, നാവികസേനയുടെ ആർമമെന്റ് ഇൻസ്‌പെക്‌ഷൻ കേന്ദ്രം, പാങ്ങോട് കരസേനാ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്ന തിരുവനന്തപുരം തന്ത്രപ്രധാന മേഖലയായി പരിണമിക്കുകയാണ്. കാട്ടാക്കട, കള്ളിക്കാട് പ്രദേശങ്ങളുടെ സമഗ്രമായ വികസനത്തിന് ബ്രഹ്മോസ് കേന്ദ്രത്തിന്റെ വരവ് വഴിതെളിക്കും. സശസ്‌ത്ര സീമാ ബൽ (എസ്.എസ്.ബി) വരുന്നതോടെ കേന്ദ്ര സായുധ പൊലീസ് സേനയുടെ സ്ഥിരം സാന്നിദ്ധ്യം കേരളത്തിലുണ്ടാകും എന്ന നേട്ടവുമുണ്ട്. ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ദേശീയ ഫോറൻസിക് സയൻസസ് സർവകലാശാലയിൽ സൈബർ പ്രതിരോധ കേന്ദ്രങ്ങൾ, ഫോറൻസിക് ഇന്നവേഷൻ കേന്ദ്രങ്ങൾ എന്നിവയുമുണ്ടാകും. റിംഗ് റോഡ്, നേമത്തെ തുരങ്ക പാത തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനുള്ള നടപടികളാണ് ഇനി ത്വരിതപ്പെടുത്തേണ്ടത്.