കുടിയേറ്റം: 19 രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എസിൽ നിയന്ത്രണം

Thursday 04 December 2025 7:23 AM IST

വാഷിംഗ്ടൺ: 19 യൂറോപ്യൻ ഇതര രാജ്യങ്ങളിലെ പൗരന്മാർ സമർപ്പിച്ച കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും യു.എസ് നിറുത്തിവച്ചു. ഗ്രീൻ കാർഡ്, പൗരത്വ അപേക്ഷകൾ ഉൾപ്പെടെയാണിത്. ദേശീയ, പൊതു സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

അഫ്ഗാനിസ്ഥാൻ,​ മ്യാൻമർ,​ ബുറുൻഡി,​ ചാഡ്,​ റിപ്പബ്ലിക് ഒഫ് കോംഗോ,​ ക്യൂബ,​ ഇക്വറ്റോറിയൻ ഗിനി, എറിത്രിയ,​ ഹെയ്‌‌തി,​ ഇറാൻ,​ ലാവോസ്,​ ലിബിയ,​ സിയെറ ലിയോൺ,​ സൊമാലിയ,​ സുഡാൻ,​ ടോഗോ,​ തുർക്ക്‌മെനിസ്ഥാൻ,​ വെനസ്വേല,​ യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിലക്ക്.

ഇവർക്ക് ജൂണിൽ യു.എസ് പൂർണമായോ ഭാഗികമായോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരന്റെ വെടിയേറ്റ് നാഷണൽ ഗാർഡ് (റിസേർവ് സേനാ വിഭാഗം) അംഗം മരിച്ചതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. സൊമാലിയൻ കുടിയേറ്റക്കാരെ 'ചവറ് " എന്ന് വിശേഷിപ്പിച്ച ട്രംപ് അവരെ യു.എസിന് ആവശ്യമില്ലെന്നും പറഞ്ഞു.