അശ്ലീല സൈറ്റുകളിൽ ലേലത്തിനുവയ്ക്കുന്നത് നിങ്ങളുടെ ഭാര്യയുടെയോ മകളുടെയോ ദൃശ്യങ്ങളാവാം, കാരണക്കാരൻ നിങ്ങൾ തന്നെ

Thursday 04 December 2025 10:29 AM IST

നിങ്ങളുടെ ഭാര്യയോ മകളോ വീട്ടിലെ അടച്ചിട്ടമുറിയിൽ നിന്ന് വസ്തം മാറുന്ന ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ ലേലം വിളിക്കപ്പെട്ടാലുള്ള അവസ്ഥ അലോചിച്ചുനോക്കൂ. അല്പം ശ്രദ്ധകുറഞ്ഞാൽ ഇത് ഏതുവീട്ടിലും എപ്പോൾ വേണമെങ്കിലും സംഭവിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ട് സിനിമാ തീയേറ്ററുകളിലെ ഹാക്കുചെയ്ത ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും പ്രചരിച്ചത് ഇതിനുള്ള ശക്തമായ ഉദാഹരണമാണ്.

സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ലൗഡിൽ നുഴഞ്ഞുകയറിയാണ് ഹാക്കർമാർ ദൃശ്യങ്ങൾ പകർത്തുന്നത്. സിസിടിവിയുടെ യൂസർ ഐഡിയും പാസ്‌വേഡുമാണ് ഇതിനായി ഉപയോഗിക്കുന്നത്. നമ്മുടെ സ്വകാര്യദൃശ്യങ്ങൾ ചോരാൻ കാരണക്കാർ നമ്മൾ തന്നെയെന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. പാസ്‌വേഡുകളാണ് വില്ലനാകുന്നത്. എളുപ്പത്തിൽ ഓർമ്മിക്കാനെന്ന പേരിൽ നമ്മൾ നൽകുന്ന പാസ്‌വേഡുകൾ വളരെ ദുർബലമാണ്. പലപ്പോഴും ജനനതീയതി, തുടർച്ചയായ അക്കങ്ങൾ (123), വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകൾ തുടങ്ങിയവയായിരിക്കും കൂടുതൽപ്പേരും നൽകുന്നത്.

രാജ്കോട്ടിൽ ഒരു പ്രസവാശുപത്രിയിലെ പരിശോധനാ ദൃശ്യങ്ങൾ അല്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട‌പ്പോൾത്തന്നെ ദുർബലമായ പാസ്‌‌വേഡുകൾ ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ വിദഗ്ദ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, സ്വന്തം ആസനത്തിൽ ചൂടടിച്ചാൽ മാത്രമേ പഠിക്കൂ എന്നുവാശിയുള്ള മലയാളികൾ ഇതൊന്നും അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോൾ തീയേറ്റർ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. നാളെ തീയേറ്റർ ദൃശ്യങ്ങളുടെ സ്ഥാനത്ത് നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ സ്വകാര്യതയായിരിക്കാം.

സുരക്ഷിതമായ പാസ്‌വേഡുകൾ നൽകാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളുടെ ദൃശ്യങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ തുറക്കാമെന്ന് ആദ്യം തിരിച്ചറിയുക. ഇതിന് ഇന്റർനാഷണൽ ബുദ്ധിയൊന്നും വേണ്ട. കമ്പ്യൂട്ടറിനെക്കുറിച്ച് അല്പം അറിവുള്ള നമ്മുടെ അയൽപക്കത്തുള്ള പിള്ളേർക്കും ഇതിനൊക്കെ ഈസിയായി കഴിയും. സിസിടിവി ഇൻസ്റ്റാൾ ചെയ്തുതന്ന ടെക്നീഷ്യൻ തുടക്കത്തിൽ ഇട്ട പാസ്‌വേഡ് മാറ്റാൻപോലും ഭൂരിപക്ഷവും തയ്യാറാവില്ല. അതിനാൽ ആ ടെക്നീഷ്യനുവേണമെങ്കിലും നിങ്ങളുടെ ദൃശ്യങ്ങൾ പകർത്താം.

പാസ്‌വേഡ് ശക്തമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇടയ്ക്കിടെ ഇത് മാറ്റുകയും വേണം. വീട്ടിലെ കിടപ്പുമുറിയിലും (പ്രായമായവരെയും വീട്ടുജോലിക്കാരെയും നിരീക്ഷിക്കാനെന്ന പേരിൽ) വസ്ത്രം മാറ്റുന്ന മുറിയിലുമൊക്കെ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഒഴിവാക്കണം. ഈ ക്യാമറകളാണ് നിങ്ങളുടെ സ്വകാര്യത ഏറ്റവും കൂടുതൽ പകർത്തുന്നത്. അതുപോലെ റിമോട്ട് ആക്സസ് (ദൂരെ നിൽക്കുമ്പോഴും ദൃശ്യങ്ങൾ കാണാനുള്ള സൗകര്യം) ഓഫാക്കുക. തീരെ അത്യാവശ്യമെങ്കിൽ മാത്രമേ ഇത് ഓണാക്കാവൂ. ഒരുകാരണവശാലും പാസ്‌വേസുകൾ മറ്റുള്ളവരോട് ഷെയർ ചെയ്യാതിരിക്കുക തുടങ്ങിയ അത്യാവശ്യ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മാനംപോകാതെ നിങ്ങൾക്ക് രക്ഷപ്പെടാം.