ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ കെണിയിലായത് തട്ടിപ്പുകാരൻ; എഐ ഉപയോഗിച്ച് വമ്പൻ ട്വിസ്റ്റ് ഒരുക്കി യുവാവ്

Thursday 04 December 2025 11:34 AM IST

ന്യൂഡൽഹി: എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്ന കാലത്ത് അതേ എഐ ഉപയോഗിച്ച് ഒരു തട്ടിപ്പ് വെളിച്ചത്തുകൊണ്ട് വന്നതിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫേസ്‌ബുക്കിലൂടെ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച തട്ടിപ്പുകാരനെ ചാറ്റ്ജിപിടി ഉപയോഗിച്ചാണ് ഡൽഹി സ്വദേശിയായ യുവാവ് വലയിലാക്കിയത്. പണം ആവശ്യപ്പെട്ട തട്ടിപ്പുകാരനെ ചാറ്റ്ജിപിടി ഉപയോഗിച്ച് നിർമ്മിച്ച വ്യാജ പെയ്മെന്റ് ലിങ്കിലൂടെയാണ് യുവാവ് വലയിലാക്കിയത്.

കോളേജ് സീനിയറായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിന് ഒരു ഫേസ്‌ബുക്ക് സന്ദേശം ലഭിക്കുന്നു. സന്ദേശത്തിൽ, തന്റെ സുഹൃത്തായ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്ഥലം മാറി പോവുകയാണെന്നും അവരുടെ വീട്ടിലെ ഉയർന്ന ക്വാളിറ്റിയുള്ള ഫർണിച്ചറുകളും ഉപകരണങ്ങളും വിലക്കുറവിൽ കൊടുക്കുന്നുണ്ടെന്നും തട്ടിപ്പുകാരൻ പറഞ്ഞു. എന്നാൽ സീനിയറിന്റെ കൈയിൽ തന്റെ ഫോൺ നമ്പർ ഉണ്ടായിട്ടും ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടതിൽ യുവാവിന് സംശയം തോന്നി. സന്ദേശം അയക്കുന്നത് സീനിയറല്ലെന്ന് സ്ഥിരീകരിച്ച ശേഷം തിരിച്ച് തട്ടിപ്പുകാരനെ വലയിലാക്കാൻ ഒരു കെണിയൊരുക്കി.

സൈനിക പ്രൊഫൈൽ ചിത്രമുള്ള മറ്റൊരു നമ്പറിൽ നിന്നും പണം അയയ്ക്കുന്നതിനുള്ള ഒരു ക്യുആർ കോഡ് യുവാവിന് ലഭിച്ചു. പക്ഷേ,യുവാവ് അത് സ്കാൻ ചെയ്യുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് കള്ളം പറഞ്ഞു. തുടർന്ന് ചാറ്റ്ജിപിടി ഉപയോഗിച്ച് നിർമ്മിച്ച ഒരു വെബ്പേജിന്റെ ലിങ്ക് തിരികെ തട്ടിപ്പുകാരന് അയച്ചു. അതിൽ ക്ലിക്ക് ചെയ്‌ത് ക്യു ആർ കോഡ് സ്‌കാൻ ചെയ്‌താൽ പെട്ടെന്ന് പെയ്മെൻഡ് നടക്കുമെന്ന് അയാളെ വിശ്വസിപ്പിച്ചു. എന്നാൽ ഉപയോക്താവിന്റെ ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്യാനും അയാളുടെ ഉപകരണത്തിന്റെ മുൻകാമറ ഉപയോഗിച്ച് ചിത്രമെടുക്കാനും വേണ്ടി രൂപ കൽപന ചെയ്‌തതായിരുന്നു ലിങ്ക്. പണം ലഭിക്കുമെന്ന് കരുതി തട്ടിപ്പുകാരൻ ലിങ്കിൽ ക്ലിക്ക് ചെയ്‌തു. ഉടൻ തന്നെ അയാളുടെ കൃത്യമായ ജിപിഎസ് ലൊക്കേഷനും ഐപി വിലാസവും, മുഖത്തിന്റെ വ്യക്തമായ ഫോട്ടോയും ഡൽഹി സ്വദേശിക്ക് ലഭിച്ചു.

പിന്നീട് ഈ വിവരങ്ങൾ തിരികെ തട്ടിപ്പുകാരന് അയച്ചുകൊടുത്ത ശേഷം ഉടൻ തന്നെ പൊലീസ് അയാളെ പിടികൂടുമെന്ന് അറിയിച്ചു. പിടിക്കപ്പെട്ടെന്ന് മനസിലാക്കിയ തട്ടിപ്പുകാരൻ തന്നോട് പല തവണ ക്ഷമ ചോദിക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പോസ്‌റ്റ് ചർച്ചയായതോടെ വലിയ രീതിയിലുള്ള അഭിനന്ദന സന്ദേശങ്ങളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്.