നൃത്തം മറന്നു, സംഭാഷണങ്ങൾ ഓർമയിലില്ല; മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ ഭാനുപ്രിയയ്ക്ക് സംഭവിച്ചത്
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് നിറയെ ആരാധകരുള്ള നടിയായിരുന്നു ഭാനുപ്രിയ. അഭിനയത്തോടൊപ്പം നൃത്തത്തിനോടും പ്രിയമുള്ള നടി മോഹൻലാൽ നായകനായ രാജശില്പിയെന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനം കവർന്നത്. മമ്മൂട്ടി നായകനായ അഴകിയ രാവണനിലും ഭാനുപ്രിയയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സംവിധായകൻ ആർ സുകുമാരനാണ് രാജശില്പിയിലെ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാനുപ്രിയയെ തിരഞ്ഞെടുത്തത്.
സിനിമയിൽ പ്രൊഫഷണൽ എത്തിക്സ് പാലിക്കുന്നതിൽ കാർക്കശ്യമുള്ള നടിയെന്നും ഭാനുപ്രിയ അറിയപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം സിനിമാഭിനയരംഗത്തുനിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടി മറവിരോഗത്തിന്റെ പിടിയിലാണെന്ന തരത്തിലുളള വാർത്തകൾ പുറത്തുവന്നിരുന്നു. അടുത്തിടെ ഭാനുപ്രിയ തന്നെ താൻ മറവിരോഗത്തിൽ അകപ്പെട്ടുവെന്ന് തുറന്നുപറയുകയുണ്ടായി. ഭർത്താവ് ആദർശ് കൗശലിന്റെ വിയോഗം മൂലമുണ്ടായ വിഷാദമാണ് ഭാനുപ്രിയയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചത്. 1998ലായിരുന്നു നടിയുടെ വിവാഹം. കുടുംബജീവിതം ആരംഭിച്ചെങ്കിലും ഭാനുപ്രിയ സിനിമയിൽ സജീവമായിരുന്നു.
എനിക്ക് സുഖം തോന്നുന്നില്ല. മറവിയുടെ പ്രശ്നമുണ്ട്. പഠിച്ച കാര്യങ്ങള്‍ മറന്നുപോകുന്നു. നൃത്തത്തിൽ താൽപര്യമില്ല. വീട്ടിൽപോലും ഇപ്പോള്‍ നൃത്തം പരിശീലിക്കാറില്ല. രണ്ടു വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടായതായും ഭാനുപ്രിയ പറയുന്നു. 'സില നേരങ്ങളിൽ സില മനിതർകൾ' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. സംവിധായകൻ ആക്ഷനെന്ന് പറയുമ്പോൾ എന്റെ സംഭാഷണങ്ങൾ ഞാൻ മറന്നുപോയെന്നും അവർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശിവകാർത്തികേയന്റെ 'അയലാൻ' (2024) എന്ന സിനിമയിലാണ് ഭാനുപ്രിയ അവസാനമായി അഭിനയിച്ചത്.