വിമാനത്താവളങ്ങളിൽ നട്ടം തിരിഞ്ഞ് യാത്രക്കാർ; മൂന്നാം ദിവസവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ. ജീവനക്കാരുടെ ക്ഷാമമാണ് വിമാനങ്ങൾ റദ്ദാക്കുന്നതിന് പിന്നിലെന്നാണ് അറിയാൻ കഴിയുന്നത്. ഡൽഹി, മുംബയ്, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളത്തിൽ ഇൻഡിഗോയുടെ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. ഇതേത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 30ലധികം ഇൻഡിഗോ വിമാനങ്ങൾ ഇന്ന് പുലർച്ചെയാണ് റദ്ദാക്കിയത്. ഹൈദരാബാദിലും ഏകദേശം 33 വിമാനങ്ങൾ റദ്ദാക്കി. ഇന്ന് 73 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതായി ബംഗളൂരു വിമാനത്താവളം അറിയിച്ചു. മുബയ് വിമാനത്താവളത്തിലും നിരവധി വിമാനങ്ങൾ റദ്ദാക്കി. പ്രതിദിനം 2,200 വിമാന യാത്രകൾ നടത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന എയർലൈനാണ് ഇൻഡിഗോ. തങ്ങളുടെ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞതായി സമ്മതിച്ച ഇൻഡിഗോ യത്രക്കാർക്ക് നേരിട്ട തടസത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
'ചെറിയ സാങ്കേതിക തകരാറുകൾ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനത്തിലെ വർദ്ധിച്ച തിരക്ക്, പുതുക്കിയ ക്രൂ റോസ്റ്ററിംഗ് നിയമങ്ങൾ (ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ) നടപ്പിലാക്കൽ എന്നിവയുൾപ്പെടെ നിരവധി അപ്രതീക്ഷിത വെല്ലുവിളികൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു'- എയർലൈൻ ബുധനാഴ്ച പ്രസ്‌താവന നടത്തി. അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്ന് എയർലൈൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻ ഉദ്യോഗസ്ഥരുമായി ഇന്ന് യോഗം നടത്തും.