തായ്‌ലൻഡിൽ നിന്നെത്തിയ ദമ്പതികളുടെ ബാഗേജിൽ 11 പക്ഷികൾ; കടത്തിയത് വംശനാശ ഭീഷണി നേരിടുന്നവ

Thursday 04 December 2025 12:59 PM IST

കൊച്ചി: തായ്‌ലൻഡിൽ നിന്ന് പക്ഷികളെ കടത്തിയ ദമ്പതിമാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരുടെ ബാഗേജിൽ നിന്ന് 11 പക്ഷികളെയും കണ്ടെടുത്തു.

തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയുള്ള വിമാനത്തിലാണ് ദമ്പതികളും എഴ് വയസുള്ള കുട്ടിയും നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് ഇവരെ തടഞ്ഞുനിർത്തി. തുടർന്ന് ബാഗേജുകൾ പരിശോധിച്ചതോടെയാണ് വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെയടക്കം കണ്ടെത്തിയത്.

പിടിച്ചെടുത്ത പക്ഷികളെ തായ്‌ലൻഡിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ദമ്പതികളെ വനംവകുപ്പ് അധികൃതർക്ക് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു.