ഡിസംബര്‍ 23 പാകിസ്ഥാന് നിര്‍ണായകം, കടം കയറി മുടിഞ്ഞു; ഒരു വായ്പ തിരിച്ചടയ്ക്കാന്‍ മറ്റൊരു വായ്പ
ഇസ്ലാമാബാദ്: ഒരു വായ്പ അടച്ച് തീര്‍ക്കാന്‍ മറ്റൊരു വായ്പയെടുക്കേണ്ട ദയനീയ സ്ഥിതിയിലാണ് പാകിസ്ഥാന്‍. കടം കയറി മുടിഞ്ഞ് ഇപ്പോഴിതാ രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ഈ മാസം 23ന് ലേല നടപടികള്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികളും പ്രാദേശിക മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ലേലത്തില്‍ പിഐഎയെ വിറ്റഴിക്കുന്നത് പാകിസ്ഥാനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. 20 തവണയില്‍ അധികം ഐഎംഎഫില്‍ നിന്ന് വായ്പ എടുത്തിട്ടുള്ള പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററിംഗ് ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചാമത്തെ കടക്കാരനാണ്. നാല് കമ്പനികള്‍ നിലവില്‍ പിഐഎയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുണ്ടെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിനിടയിലെ പാകിസ്ഥാന്റെ ആദ്യത്തെ വലിയ സ്വകാര്യവത്കരണ ശ്രമമാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ലേലം.
ഈ സ്വകാര്യവത്കരണത്തിലൂടെ 86 ബില്യണ്‍ രൂപ നേടാനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെ 15 ശതമാനം സര്‍ക്കാരിലേക്കും ബാക്കി കമ്പനിക്കകത്തും നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ദേശീയ എയര്‍ലൈന്‍സായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഒരുകാലത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. എന്നാല്‍ 2020ന് ശേഷമാണ് കമ്പനിയുടെ തകര്‍ച്ച ആരംഭിച്ചത്. വിമാനക്കമ്പനിയുടെ വിശ്വാസ്യത ഉള്‍പ്പെടെ നഷ്ടപ്പെടുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി പിഐഎ വിമാനങ്ങള്‍ക്ക് അനുമതി ഉള്‍പ്പെടെ നിഷേധിച്ചിരുന്നു.