തമിഴിൽ കല്യാണി - മമിത തിളക്കം

Friday 05 December 2025 6:15 AM IST

കല്യാണിക്ക് ലോകയും മമിത ബൈജുവിന് ഡ്യൂഡും അന്യഭാഷയിൽ നേട്ടം സമ്മാനിക്കുന്നു

തമിഴ് സിനിമയിൽ പ്രിയനായികമാരായി മാറുന്നു മലയാളത്തിന്റെ കല്യാണി പ്രിയദർശനും മമിത ബൈജുവും. സൂപ്പർ താരങ്ങളുടെ സിനിമകളിൽ ഇവർ പ്രേക്ഷകരുടെ പ്രിയനായികമാരാകാൻ എത്തുന്നു. ലോകയുടെ ചരിത്രവിജയം കല്യാണിക്കും പ്രേമലുവിന്റെയും ഡ്യൂഡിന്റെയും ബ്ളോക് ബസ്റ്റർ തിളക്കം മമിത ബൈജുവിനും അന്യനാട്ടിൽ തിളക്കം ആകുന്നു. കാർത്തി ചിത്രം മാർഷ്വലിലും രവി മോഹന്റെ ജീനിയിലും നായിക കല്യാണി പ്രിയദർശൻ ആണ്. ശിവ കാർത്തികേയൻ നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി ആണ് നായിക.

വിജയ്‌യുടെ ജനനായകനായി അഭിനയിച്ച മമിത ബൈജു, സൂര്യ നായകനായി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആണ്. ധനുഷിന്റെ പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ഒരുങ്ങുന്നു. വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രം വേൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ആണ് നിർമ്മാണം.

വിഷ്ണു വിശാലിനെ നായകനാക്കി രാം കുമാർ സംവിധാനം ചെയ്യുന്ന ഇരുണ്ടുവാനം ആണ് റിലീസിന് ഒരുങ്ങുന്ന മമിത ബൈജു ചിത്രം. ജി.വി . പ്രകാശ് കുമാറിന്റെ നായികയായി റിബൽ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പ്രേമലു എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിന്റെ നേട്ടം തമിഴിൽ മാത്രമല്ല തെലുങ്കിലും പ്രശസ്തി നേടി കൊടുത്തു.