വ്യാപാരസമുച്ചയത്തിന്റെ കോൺക്രീറ്റ് അടർന്നുവീണു
Thursday 04 December 2025 8:29 PM IST
പയ്യാവൂർ: പയ്യാവൂർ ബസ് സ്റ്റാൻഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മുൻഭാഗത്തെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് അടർന്നുവീണു. തലനാരിഴയ്ക്കാണ് ആളുകൾക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തൊട്ടു താഴെ നിൽക്കുകയായിരുന്ന ആളുകൾ ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. ഏതാനും നാളുകൾക്ക് മുമ്പ് കോൺക്രീറ്റിൽ വിള്ളൽ കാണപ്പെട്ടപ്പോൾ തന്നെ പഞ്ചായത്ത് അധികൃതരോട് പരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയാണുണ്ടായതെന്ന് കടയുടമ പറഞ്ഞു. ഇനിയും കൂടുതൽ ഭാഗങ്ങൾ അടർന്നു വീഴാവുന്ന അവസ്ഥയിലാണെന്നും എത്രയും വേഗത്തിൽ ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഈ കെട്ടിടസമുച്ചയത്തിലെ മറ്റ് വ്യാപാരികളും ആവശ്യപ്പെട്ടു.