ഫാൻസി നമ്പർ 1.17 കോടി രൂപയ്ക്ക് സ്വന്തമാക്കി,​ റെക്കോഡ് തുകയ്ക്ക് നടന്ന ലേലത്തിന് ഒടുവിൽ വൻവഴിത്തിരിവ്

Thursday 04 December 2025 9:08 PM IST

രാജ്യത്ത് ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ഫാൻസി നമ്പർ കഴിഞ്ഞ വാരം ഹരിയാനയിൽ നടന്ന ലേലത്തിൽ ഒരാൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന ലേലത്തിൽ HR88B8888 എന്ന നമ്പർ 1.17 കോടി രൂപയ്ക്കാണ് സുധീർ കുമാർ എന്നയാൾ സ്വന്തമാക്കിയത്. റോമുലസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ‌് ഡയറക്ടറാണ് സുധീർകുമാർ. എന്നാൽ ലേലത്തുക അടയ്ക്കാനുള്ള അവസാന തീയതിയായ ഡിസംബർ ഒന്നിനകം സുധീർകുമാർ പണം അടച്ചില്ല. ഇതോടെ ഇയാളുടെ ആസ്തികളും വരുമാനവും അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഹരിയാന സർക്കാർ.

വി.ഐ.പി നമ്പർ പ്ലേറ്റുകൾ നേടുന്നതിനായുള്ള സംസ്ഥാനത്തിന്റെ ഓൺലൈൻ പ്രതിവാര ലേലത്തിലാണ് സുധീർകുമാർ മോഹവിലയ്ക്ക് നമ്പർ സ്വന്തമാക്കിയത്. എന്നാൽ ഇടപാട് പൂർത്തിയാക്കുന്നതിന് ആവശ്യമായ രേഖകൾ സുധീർ കുമാർ നൽകാതെ വന്നതോടെ ഇതേ നമ്പർ വീണ്ടും ലേലം ചെയ്യേണ്ടി വന്നു. വി.ഐ.പി നമ്പർ പ്ലേറ്റ് സുധീർകുമാർ ഉയർന്ന തുകയ്ക്ക് ലേലം കൊണ്ടതായും എന്നാൽ അദ്ദേഹത്തിന് പണം നൽകാൻ കഴിഞ്ഞില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി അനിൽ വിജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ലേലത്തുകയായ 1.17 കോടി രൂപയുടെ ആസ്തി സുധീർകുമാറിനുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ശേഷി ഇല്ലാത്തവർ ലേലത്തിൽ പങ്കെടുത്ത് നമ്പർ പ്ലേറ്റിന്റെ വില വർദ്ധിപ്പിക്കുന്നത് തടയാനാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

‌ഡിസംബർ ഒന്നിന് മുമ്പ് രണ്ട് തവണ ശ്രമിച്ചിട്ടും തുക അടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി സുധീർകുമാർ അറിയിച്ചിരുന്നു. കൂടാതെ ഇത്രയും വലിയ തുക നമ്പർ പ്ലേറ്റിന് ചെലവഴിക്കുന്നത് കുടുംബം വിലക്കിയതായും ഇയാൾ പറഞ്ഞു. നമ്പരിനായി ഇത്ര വലിയ തുക ചെലവഴിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായമെന്നും സുധീർ കുമാർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.