വീൽചെയറിലിരുന്ന് പാടി ടീമിന് ഒന്നാം സ്ഥാനം

Friday 05 December 2025 2:23 AM IST

ആറ്റിങ്ങൽ: പരിചമുട്ട് മത്സരത്തിൽ വീൽചെയറിലിരുന്ന് പാടി ടീമിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു മഹാദേവൻ.ഹൈസ്‌കൂൾ വിഭാഗത്തിലാണ് ഇടവ ലിറ്റിൽ ഫ്ളവർ സ്‌കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്.കുറച്ച് നാൾ മുമ്പ് മഹാദേവന്റെ ഡിസ്‌കിന് തകരാറ് സംഭവിച്ചിരുന്നു.അടുത്തിടെ വേദന കൂടിയതോടെ നടക്കാനും പറ്റാതായി. അടിയന്തര സർജറി വേണമെന്ന് ഡോക്ടർമാർ.കലോത്സവം കഴിഞ്ഞു മതിയെന്ന് മഹാദേവനും സ്‌കൂളും.ഇതിനിടയിൽ കഴിഞ്ഞ 17ന് നടത്താനിരുന്ന കലോത്സവം ജനുവരിയിലേക്കു മാറ്റിയപ്പോൾ ഏറെ സമയമുണ്ടെന്ന് കരുതി സർജറി നടത്തുകയായിരുന്നു. അപ്പോഴാണ് വീണ്ടും കലോത്സവം ഒന്നിന് തുടങ്ങിയത്.സർജറി കഴിഞ്ഞ് ഒരാഴ്ചയേയായുള്ളൂ.എന്നിട്ടും മഹാദേവൻ കലോത്സവത്തിന് പോകാൻ തയ്യാറെടുത്തു.അങ്ങനെ കാറിൽ കിടത്തി മഹാദേവനെ മത്സരം നടക്കുന്ന ആറ്റിങ്ങൽ സി.എസ്.ഐ സ്‌കൂളിലും വിൽ ചെയറിൽ സ്റ്റേജിലും എത്തിച്ചു. പരിചമുട്ടിൽ പൂർണശക്തിയോടെ പാടി സ്‌കൂളിന് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിക്കൊടുത്തു.

ചിത്രം മഹാദേവനും സംഘവും മത്സരത്തിനുശേഷം