നല്ലൊരു വിഭാഗം പൈലറ്റുമാരും വിമാനം പറത്തിയിരുന്നത് വ്യാജ ലൈസന്‍സ് ഉപയോഗിച്ച്; എയര്‍ലൈന്‍ കമ്പനിക്ക് സംഭവിച്ചത്

Thursday 04 December 2025 9:26 PM IST

ഇസ്ലാമാബാദ്: ഒരുകാലത്ത് പാകിസ്ഥാന്റെ അഭിമാനമായിരുന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. എന്നാല്‍ ഇന്ന് ശതകോടികളുടെ നഷ്ടത്തിലൂടെ കടന്ന് പോകുന്ന എയര്‍ലൈന്‍ കമ്പനി ലേലത്തില്‍ വച്ച് ഒഴിവാക്കാനാണ് പാകിസ്ഥാന്റെ ശ്രമം. വിമാനക്കമ്പനിയുടെ നഷ്ടം നികത്തുക, സര്‍ക്കാരിന് നിലവിലുള്ള കടബാദ്ധ്യതയില്‍ എന്തെങ്കിലും ആശ്വാസം കണ്ടെത്തുക എന്നിവയാണ് ലക്ഷ്യം. വിശ്വാസ്യത, വരുമാനം എന്നിവയില്‍ മുന്നിലായിരുന്ന പിഐഎയുടെ തകര്‍ച്ച അവിശ്വസനീയമായിരുന്നു പാകിസ്ഥാനിലെ ബിസിനസ് സമൂഹത്തിന്.

2020 മുതലാണ് പിഐഎയുടെ തകര്‍ച്ച ആരംഭിക്കുന്നത്. പൈലറ്റുമാരുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് പ്രധാന സംഭവം. മൊത്തം പൈലറ്റുമാരില്‍ 30 ശതമാനത്തോളം പേരുടെ ലൈസന്‍സിന്റെ കാര്യത്തിലുണ്ടായ സംശയങ്ങളാണ് എല്ലാത്തിനും തുടക്കം. നല്ലൊരു വിഭാഗം പൈലറ്റുമാരും വ്യാജമായി നിര്‍മിച്ചതും സംശയകരമായതുമായ ലൈസന്‍സുകള്‍ ഉപയോഗിച്ച് ആണ് വിമാനം പറത്തിയിരുന്നത് എന്ന കണ്ടെത്തില്‍ ആണ് കഷ്ടകാലത്തിന് തുടക്കമായത്.

വ്യാജ ലൈസന്‍സുള്ള പൈലറ്റുമാരുടെ കാര്യം പുറംലോകം അറിഞ്ഞതോടെ യാത്രക്കാര്‍ക്ക് പിഐഎയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇതോടെ വ്യാജന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി മാറി. 262 പൈലറ്റുമാരെ അന്ന് മാറ്റി നിര്‍ത്തിയതോടെ പല സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇത് ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചു.

വിഷയം, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി 2020 ജൂണില്‍ യൂറോപ്പിലേക്കുള്ള പിഐഎ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വരുമാനം കൂടുതലുള്ള റൂട്ടുകള്‍ നഷ്ടപ്പെട്ടതോടെ എയര്‍ലൈനിന് പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ വരുമാനം ഇല്ലാതായി. യുകെയും യുഎസും ഇതേ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ന് കാണുന്ന നഷ്ടത്തിലേക്ക് വിമാനക്കമ്പനി എത്തിയത്.