'അന്ധവിശ്വാസം' പൊളിഞ്ഞു,​ഒന്നാമത് ആടിയാലും ഒന്നാം സമ്മാനം കൂടെ പോരും!

Friday 05 December 2025 4:27 AM IST

ആറ്റിങ്ങൽ: ആദ്യം തട്ടിൽ കയറിയാൽ ഒന്നാം സമ്മാനം ലഭിക്കില്ലെന്ന കലോത്സവ വേദിയിലെ 'അന്ധവിശ്വാസം" ഇന്നലെ ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരഫലം വന്നതോടെ പൊളിഞ്ഞുവീണു.

ആദ്യ മത്സരാർത്ഥിയായി ചുവടുവച്ച നെയ്യാറ്റിൻകര സെന്റ് തെരാസസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അമൃത സുനിൽ ഒന്നാം സമ്മാനം നേടി. എല്ലാ മത്സരങ്ങൾക്കും ആദ്യം നറുക്കുവീഴുന്ന മത്സരാർത്ഥികൾ വേദിയിൽ കയറാൻ മടിക്കുമ്പോഴാണ് അമൃതയുടെ വിജയം. ഒന്നാമത് കളിച്ചാൽ സമ്മാനം കിട്ടില്ലെന്ന വിശ്വാസത്തിൽ കുട്ടികൾ മാറി നിൽക്കുന്നതിനാൽ മിക്ക മത്സരങ്ങളും വൈകിയാണ് ആരംഭിക്കുന്നത്. മോഹിനിയാട്ട മത്സരത്തിലും അമൃത ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. ആറാലുംമൂട് തലയിൽ കുറുവത്തൂർ 'ചിത്തിര"യിൽ പ്രവാസിയായ സുനിൽകുമാറിന്റേയും ആശാസുനിലിന്റേയും മകളാണ്.